പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും വീടുകള്‍ എം കെ മുനീര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ യുഡിഎഫ് ഇടപെടുന്നു. കേസില്‍പ്പെട്ട് റിമാന്റില്‍ കഴിയുന്ന അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവും മുസ് ലിം ലീഗ് നേതാവുമായ ഡോ. എം കെ മുനീര്‍ സന്ദര്‍ശിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും മുനീറിനൊപ്പം ഉണ്ടായിരുന്നു. ഇതാദ്യമായാണ് യുഡിഎഫ് സംഘം ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത്.
യുവാക്കള്‍ക്കെതിരേ ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തങ്ങള്‍ മാവോവാദികളാണെന്നതിന് തെളിവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അലന്റെയും താഹയുടെയും ആത്മവിശ്വാസം കണ്ടപ്പോഴാണ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് മുനീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല നാളെ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കും. വിഷയത്തില്‍ ഏതു വിധത്തിലാണ് ഇടപെടേണ്ടതെന്ന് യുഡിഎഫ് യോഗം ചര്‍ച്ചചെയ്ത തീരുമാനിക്കും.