പന്തീരാങ്കാവ് യുഎപിഎ കേസ്: പ്രതിഷേധ സായാഹ്നം ആറിന്

2007ല്‍ അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് കേരളത്തിലെ ആദ്യ യുഎപിഎ കേസ്. തുടര്‍ന്നിങ്ങോട് 150ല്‍ പരം യുഎപിഎ കേസുകളാണ് കേരളത്തില്‍ വിവിധ സംഭവങ്ങളില്‍ ചുമത്തിയത്.

Update: 2020-02-04 09:47 GMT

കോഴിക്കോട്: കേരള പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച അലനും താഹക്കും വേണ്ടി ശബ്ദമുയര്‍ത്തുക, കപട ഇടതുപക്ഷത്തെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പുരോഗമന യുവജന പ്രസ്താനം ആറിന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ വൈകീട്ട് നാലിന് തുടങ്ങുന്ന പ്രതിഷേധ പരിപാടി സ്വപ്‌നേഷ് ബാബു ഉദ്ഘാടനം ചെയ്യും. എ വാസു, കെ പി സേതുനാഥ്, അഡ്വ. കസ്തൂരി ദേവന്‍, കെ വി ഷാജി, മൃദുല ഭവാനി, വിഷ്ണു എലപ്പുള്ളി, ഷാന്റോ ലാല്‍, സി പി ജിഷാദ് എന്നിവര്‍ പങ്കെടുക്കും.

താഹയും അലനും അകാരണമായി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് രണ്ടു മാസം പിന്നിടുകയാണ്. പോലിസിന്റെ മര്‍ദ്ദനം ഏല്‍ക്കുകയും ഇക്കാര്യം കോടതിയില്‍ പറയുകയും ചെയ്തിട്ടും ചികിത്സ പോലും കിട്ടാതെ തടവറയില്‍ തന്നെ തുടരുകയാണെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഒരേ സമയം യുഎപിഎ ജനവിരുദ്ധ നിയമത്തിനു എതിരാണെന്ന് സിപിഎം നിരന്തരം ജനങ്ങളോട് പറയുകയും അതെ സമയത്തു തന്നെ തങ്ങള്‍ക്ക് അധികാരം ഉള്ള ഏക സംസ്ഥാനമായ കേരളത്തില്‍ ഈ ഫാഷിസ്റ്റു നിയമം ഉപയോഗിച്ച് നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ തുറങ്കിലടക്കുകയും ചെയ്യുന്നു. 2007ല്‍ അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് കേരളത്തിലെ ആദ്യ യുഎപിഎ കേസ്. തുടര്‍ന്നിങ്ങോട് 150ല്‍ പരം യുഎപിഎ കേസുകളാണ് കേരളത്തില്‍ വിവിധ സംഭവങ്ങളില്‍ ചുമത്തിയത്. മുസ് ലിംകളും ദലിത് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ ഇടതുപക്ഷ പ്രവര്‍ത്തകരുമാണ് യുഎപിഎ കേസുകളില്‍ ഇരയായത്. ഇന്ത്യയില്‍ ഏറ്റവും അധികം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം കേരളമാണ് എന്ന വാര്‍ത്ത വളരെ ഭയാനകമാണെന്നും പുരോഗമന യുവജന പ്രസ്താനം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അഖിലേന്ത്യ അവസ്ഥയില്‍ നിന്നും കേരളത്തിലെ യുഎപിഎ പ്രയോഗത്തെ പരിശോധിക്കുകയാണെങ്കില്‍ കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റുകളുടെ തുടര്‍ച്ച അല്ലെങ്കില്‍ അവരുടെ ഒരു ബി ടീമായി എല്‍ഡിഫ് സര്‍ക്കാരിനെ നമുക്കു കാണാം. ഇത്തരത്തില്‍ വിഷയങ്ങളെ മനസിലാക്കികൊണ്ട് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ, കപട കമ്യുണിസത്തെ നാം തിരിച്ചറിയേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ഒരാള്‍ മാവോയിസ്റ്റ് ആവുന്നതോ മാവോയിസ്റ്റ് സാഹിത്യങ്ങള്‍ കൈവശം വെക്കുന്നതോ കുറ്റകരമല്ല എന്ന് ശ്യാം ബാലകൃഷ്ണന്റെ കേസില്‍ കേരള ഹൈക്കോടതിയും ഡോക്ടര്‍ ബിനായക് സെന്‍ കേസില്‍ സുപ്രിം കോടതിയും പറയുന്നു. എന്നിട്ടും പോലിസ് മന്ത്രി പിണറായി വിജയന്‍ പറയുന്നത് താഹയും അലനും ചായകുടിക്കാന്‍ പോയവരല്ല ശുദ്ധരല്ല എന്നൊക്കെയാണ്.നിലവിലെ നിയമപ്രകാരം ഏതെങ്കിലും നിലയില്‍ ഒരാള്‍ കുറ്റാരോപിതനായാല്‍ അയാളെ കോടതില്‍ ഹാജരാക്കുകയും കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാള്‍ കുറ്റക്കാരനാണോ അല്ലയോ എന്നത് പറഞ്ഞതിനുശേഷം മാത്രമേ അയാളെ കുറ്റക്കാരായി കാണാന്‍ കഴിയു എന്ന ചെറിയ ജനാധിപത്യ മൂല്യങ്ങള്‍ പോലും അട്ടിമറിച്ചുകൊണ്ട് മുഖ്യമന്ത്രി പോലിസിന്റെ വാദം തൊണ്ടതൊടാതെ വിഴുങ്ങുകയും അതിനെ ന്യായികരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്യുന്നത് ഈ നാട് പൂര്‍ണമായും ഒരു പോലിസ് രാജായി മാറിയതിന്റെ ഉത്തമ ഉദാഹരണമാണെന്നും യുവജന പ്രസ്താനം സെക്രട്ടറി കുറിപ്പില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News