സിദ്ദീഖ് കാപ്പന്‍, അലന്‍, താഹ, ഇബ്രാഹിം: യുഎപിഎ വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഡോ. ആസാദ്

സ്റ്റാന്‍ സ്വാമിയെച്ചൊല്ലി കരയുമ്പോള്‍ ഇബ്രാഹിമിനെയെങ്കിലും ഓര്‍ക്കാന്‍ മലയാളികള്‍ക്കു കഴിയണം. ഇവിടത്തെ തടവറകളില്‍ നമ്മുടെ സര്‍ക്കാര്‍ യു എ പി എ നല്‍കി 'ആദരിച്ച' രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങളെപ്പറ്റി മിണ്ടാന്‍ തുടങ്ങണം. ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2021-07-07 05:08 GMT

കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സിപിഎം പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഡോ. ആസാദ്. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് ആസാദിന്റെ വിമര്‍ശനം.

'പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് കള്ളക്കേസില്‍ പെടുത്തിയപ്പോള്‍ പ്രതികരിക്കാന്‍ അറച്ചു നിന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ പറയണം. കാപ്പന്‍ തീവ്രവാദിയാണോ? പിണറായി ഭരണം തീവ്രവാദികളെന്നു മുദ്രകുത്തി യു എ പി എ ചാര്‍ത്തിയ അലനും താഹയും വാസ്തവത്തില്‍ തീവ്രവാദികളാണോ?.

പത്രത്തില്‍ കണ്ട പതിനഞ്ചു പേരെയും അറസ്റ്റു ചെയ്യുമ്പോള്‍ പറഞ്ഞ വാദമുഖം തന്നെയാണ് പിണറായി സര്‍ക്കാര്‍ അലന്‍ താഹമാരെ അറസ്റ്റു ചെയ്തപ്പോഴും പറഞ്ഞത്. അവര്‍ തീവ്രവാദികളല്ല എന്ന് ഇപ്പോഴും സി പി എമ്മിനോ ദേശാഭിമാനിക്കോ തീര്‍ച്ചയില്ല. തെല്‍തുംബ്‌ഡെ മുതല്‍ പേര്‍ക്കു വേണ്ടി വാദിക്കുന്ന ദേശാഭിമാനി അതേ നീതി കേരളത്തില്‍ രാഷ്ട്രീയ തടവുകാരായി യു എ പി എ ഭീകരത അനുഭവിക്കുന്ന ആര്‍ക്കും നല്‍കുന്നില്ല. അതിന്റെ യുക്തി എന്താവും?. ആസാദ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിപിഐ എം മുഖപത്രമായ ദേശാഭിമാനി ചോദിക്കുന്നു: ഇവരോ തീവ്രവാദികള്‍?

ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ, വരവര റാവു, സുധ ഭരദ്വാജ്, ഷോമ സെന്‍, സാഗര്‍ ഗോര്‍ഖെ, ജ്യോതി ജഗ്‌തെപ്, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്, സുധീര്‍ ധാവ്‌ളെ, ഗൗതം നവ്‌ലഖ, പ്രൊഫ. ഹാനി ബാബു, റോണ വില്‍സന്‍, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, രമേശ്,ഗെയ്‌ച്ചോഡ് എന്നീ യു എ പി എ തടവുകാരാണ് വാര്‍ത്തയിലുള്ളത്. ഭീമ കൊറഗോവ് കേസില്‍ പെടുത്തി തടവിലടയ്ക്കപ്പെട്ട ധൈഷണികരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണവര്‍.

രാജ്യത്തെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെപയപറ്റി സി പി എം പുലര്‍ത്തുന്ന ഉത്ക്കണ്ഠ ശ്ലാഘനീയമാണ്. പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ യു പി പൊലീസ് കള്ളക്കേസില്‍ പെടുത്തിയപ്പോള്‍ പ്രതികരിക്കാന്‍ അറച്ചു നിന്ന സി പിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ പറയണം. കാപ്പന്‍ തീവ്രവാദിയാണോ? പിണറായി ഭരണം തീവ്രവാദികളെന്നു മുദ്രകുത്തി യു എ പി എ ചാര്‍ത്തിയ അലനും താഹയും വാസ്തവത്തില്‍ തീവ്രവാദികളാണോ?

പത്രത്തില്‍ കണ്ട പതിനഞ്ചു പേരെയും അറസ്റ്റു ചെയ്യുമ്പോള്‍ പറഞ്ഞ വാദമുഖം തന്നെയാണ് പിണറായി സര്‍ക്കാര്‍ അലന്‍ താഹമാരെ അറസ്റ്റു ചെയ്തപ്പോഴും പറഞ്ഞത്. അവര്‍ തീവ്രവാദികളല്ല എന്ന് ഇപ്പോഴും സി പി എമ്മിനോ ദേശാഭിമാനിക്കോ തീര്‍ച്ചയില്ല. തെല്‍തുംബ്‌ഡെ മുതല്‍ പേര്‍ക്കു വേണ്ടി വാദിക്കുന്ന ദേശാഭിമാനി അതേ നീതി കേരളത്തില്‍ രാഷ്ട്രീയ തടവുകാരായി യു എ പി എ ഭീകരത അനുഭവിക്കുന്ന ആര്‍ക്കും നല്‍കുന്നില്ല. അതിന്റെ യുക്തി എന്താവും?

ഇതിലെ ഇരട്ടത്താപ്പ് കണ്ടുകൊണ്ടുതന്നെ ദേശാഭിമാനിയെ ഈ വാര്‍ത്തയുടെ പേരില്‍ അഭിനന്ദിക്കുന്നു. ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഭാഗികമായെങ്കിലും എതിര്‍ക്കുന്ന നന്മയെ അനുമോദിക്കുന്നു.

സ്റ്റാന്‍ സ്വാമിയെച്ചൊല്ലി കരയുമ്പോള്‍ ഇബ്രാഹിമിനെയെങ്കിലും ഓര്‍ക്കാന്‍ മലയാളികള്‍ക്കു കഴിയണം. ഇവിടത്തെ തടവറകളില്‍ നമ്മുടെ സര്‍ക്കാര്‍ യു എ പി എ നല്‍കി 'ആദരിച്ച' രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങളെപ്പറ്റി മിണ്ടാന്‍ തുടങ്ങണം. തടവറയിലെ കൊലയാളികളുടെ അവകാശങ്ങളെപ്പറ്റി വ്യാകുലപ്പെടുന്ന, അവര്‍ക്ക് സകല സ്വാതന്ത്ര്യവും (പുറത്തെ ക്വട്ടേഷന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു നിര്‍വ്വഹിക്കാന്‍ പോലും) അനുവദിക്കുന്ന ഒരു ഇടതുപക്ഷ സര്‍ക്കാറിന് രാഷ്ട്രീയ തടവുകാരോടുള്ള മനോഭാവവും സമീപനവും ചര്‍ച്ച ചെയ്യണം.

യു എ പിഎ റദ്ദാക്കണം. യഥാസമയം വിചാരണയില്ലാതെ അനിശ്ചിതകാല തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും ജാമ്യത്തില്‍ വിടണം. കുറ്റവാളികളെ വിചാരണ ചെയ്ത് ശിക്ഷിക്കാം. തടവു ജീവിതം ശിക്ഷിക്കപ്പെട്ടവര്‍ക്കാവണം.

ആസാദ്

07 ജൂലായ് 2021


Full View

Tags:    

Similar News