പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാനൊരുങ്ങി എന്‍ഐഎ
ഒളിവില്‍ കഴിയുന്ന ഉസ്മാന്‍ സജീവ മാവോവാദി സംഘടനയിലെ അംഗമാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മാവോവാദി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും എന്‍ഐഎ അറിയിച്ചു.
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതിയെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉടന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. എന്‍ഐഎ ഏറ്റെടുത്ത കേസിലെ മൂന്നാം പ്രതി മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി സി പി ഉസ്മാന്(40) വേണ്ടിയാണ് എന്‍ഐഎ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.
എന്‍ഐഎ ആവശ്യപ്പെട്ടതനുസരിച്ച് എന്‍ഐഎ കോടതി ഉസ്മാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അറസ്റ്റ് വാറന്റ് ആവശ്യമാണ്. ഈ ആഴ്ച്ച തന്നെ ലുക്ക് ഔട്ട നോട്ടിസ് പുറപ്പെടുവിക്കുമെന്നും ഇതോടെ മറ്റ് ഏജന്‍സികളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്നും എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരേയുംഅറസ്റ്റു ചെയ്യുകയായിരുന്നു. അലനും താഹയും പിടിയിലാകുന്ന സമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞിരുന്നു. ഓടിരക്ഷപ്പെട്ടത് ഉസ്മാന്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉസ്മാനെ കണ്ടെത്താനാണ് എന്‍ഐഎ ലുക്ക് നോട്ടിസ് പുറപ്പെടുവിക്കുന്നത്.
ഒളിവില്‍ കഴിയുന്ന ഉസ്മാന്‍ സജീവ മാവോവാദി സംഘടനയിലെ അംഗമാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മാവോവാദി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും എന്‍ഐഎ അറിയിച്ചു. ഉസ്മാന്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നും ലുക്ക് നോട്ടിസ് പുറപ്പെടുവിച്ചാല്‍ രാജ്യത്തിന്റെ ഏതെങ്കിലും എക്‌സിറ്റ് പോയിന്റുകളില്‍ കണ്ടെത്താന്‍ കഴിയുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
അലന്റേയും താഹയുടേയും ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍െ്രെഡവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലിസ് പറഞ്ഞത്. തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്. കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ യുഎപിഎ ചുമത്തിയതും എന്‍ഐഎ ഏറ്റെടുത്തതും ഏറെ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേ സിപിഎമ്മില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു.