അലനേയും താഹയേയും വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; കേന്ദ്രം സ്വമേധയാ കേസെടുക്കുകയായിരുന്നു
കേരള പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ടാണ് എന്‍ഐഎ കേസെടുത്തത്. യുഎപിഎ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.
തിരുവനന്തപുരം: മാവോവാദികളെന്ന് ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി ജയിലിലടച്ച സിപിഎം പ്രവർത്തകരായ അലനെയും താഹയെയും വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംശയാസ്പദ സാഹചര്യത്തിലാണ് ഇരുവരേയും പോലിസ് പിടികൂടിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
വിദ്യാർഥികളെ പോലിസ് അകാരണമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പോലിസ് നിയമവിരുദ്ധമായ നീക്കങ്ങൾ നടത്തിയാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തെന്നും സിപിഎം കുടുംബങ്ങളിൽ നിന്ന് വരുന്ന ഈ വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്നും മുനീർ വിമർശിച്ചു. കേരള പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ടാണ് എന്‍ഐഎ കേസെടുത്തത്. യുഎപിഎ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.
കേന്ദ്ര സർക്കാരിന് കേസ് വിട്ടുകൊടുത്തുവെന്ന പരാമർശം തെറ്റാണെന്നും ഏത് മക്കൾ കേസിൽ പെട്ടാലും മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാൻ പല യുഎപിഎ കേസുകളിലും പ്രതിയാണ്. ഇരുവരും അഞ്ചു വർഷമായി നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവർക്കെതിരേ ഏതു വകുപ്പാണ് ചുമത്തേണ്ടതെന്ന് തീരുമാനിക്കുന്നത് സർക്കാരല്ല, പോലിസാണ്. കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയതും സംസ്ഥാന സർക്കാരല്ല. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണ്ടത്ര ഹാജർ നിലയില്ലാത്തതിനാലാണ് അലനെ കോളജിൽനിന്ന് നിന്നും പുറത്താക്കിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരിച്ചു.
ആരെ കേസിൽ പെടുത്തണം ആരെ ഒഴിവാക്കണമെന്ന് ഈ സർക്കാർ തീരുമാനിക്കാറില്ല. കത്തും കൊണ്ട് അമിത്ഷായുടെ മുന്നിൽ പോകണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ദേഷ്യത്തോടെ പിണറായി ചോദിച്ചു. യുഡിഎഫിന്റെ കാലത്ത് 123 യുഎപിഎ കേസുകൾ എടുത്തിട്ടുണ്ട്. അന്ന് എൻഐഎ ഏറ്റെടുത്തത് 9 കേസുകളാണ്. അമിത്ഷായുടെ മുന്നിൽ കത്തും കൊണ്ട് പോകണമെന്ന് ഇപ്പോൾ പറയുന്നവര്‍ അന്ന് ഏതെങ്കിലും കേസിന് വേണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നോയെന്നും പിണറായി ചോദിച്ചു.
തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.