കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: യുഎപിഎ ചുമത്തണമെന്ന് വി ഡി സതീശന്‍

Update: 2024-08-16 14:10 GMT

ആലുവ: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയത്. സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താുള്ള ഹീനശ്രമമാണ് നടന്നത്. രണ്ട് ലഘുലേഖകള്‍ കൈവശം വച്ചതിന് രണ്ട് കുട്ടികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരാണ് സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയതെന്നും അത് ഷെയര്‍ ചെയ്തതെന്നും പോലിസിന് നന്നായി അറിയാം. യൂത്ത് ലീഗ് നേതാവിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചത് സിപിഎം നേതാക്കളാണ്. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളെ പോലിസ് സംരക്ഷിക്കുകയാണ്. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വരെ സാധ്യതയുള്ള വിദ്വേഷ പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാത്തതില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയാണ് ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളും അവരുടെ കുടുംബവും ഉള്‍പ്പെട്ട വന്‍ ഗൂഡാലോചനയാണ് ഇതിനുപിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News