മറ്റുള്ളവരുടെ ചെലവില്‍ ദാനധര്‍മങ്ങള്‍ സാധ്യമല്ല; കൊറോണ കാലത്ത് വാടക വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ അഭിഭാഷകന് പിഴശിക്ഷ
ന്യൂഡല്‍ഹി: മറ്റുളളവരുടെ ചലവില്‍ ദാനധര്‍മ്മങ്ങള്‍ പറ്റില്ലെന്ന് അടിവരയിട്ട് പറഞ്ഞ ഡല്‍ഹി ഹൈക്കോടതി വാടക നല്‍കാത്ത വാടകക്കാരെ പുറത്താക്കരുതെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് പിഴ ശിക്ഷ വിധിച്ചു. കൊവിഡ് കാലത്ത് വാടക ഒഴിവാക്കിക്കൊടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനും ജസ്റ്റിസ് പ്രതീക ജലാന്‍ അംഗവുമായ ഡിവിഷന്‍ ബെഞ്ചാണ് തങ്ങള്‍ക്കു മുന്നില്‍ വന്ന പൊതുതാല്‍പര്യ ഹരജിയില്‍ ഹരജിക്കാരനെ താക്കീത് ചെയ്തത്. പൊതുതാല്‍പ്പര്യ ഹരജി തെറ്റിദ്ധാരണാജനകമാണെന്നും അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി.
അനാവശ്യ കേസുമായി കോടതിയെ സമീപിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ ഹരജിക്കാന് പിഴയും വിധിച്ചു. 10,000 രൂപ ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി നാല് ആഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നാണ് ഉത്തരവ്. ആ പണം പിന്നീട് കൊവിഡ് ചെലവുകള്‍ക്ക് ഉപയോഗിക്കണം.
അഭിഭാഷകനായ ഗൗരവ് ജെയ്‌നാണ് കൊവിഡ് കാലമായ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വാടക വിട്ടുനല്‍കാനും ഈ കാലയളവില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് കെട്ടിട ഉടസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഡല്‍ഹിയിലെ കെട്ടിട ഉടമസ്ഥരുടെ അഭാവത്തില്‍ അവര്‍ക്ക് ലഭിക്കാനുള്ള വാടക ഒഴിവാക്കി നല്‍കാന്‍ ഭരണഘടനയുടെ അനുച്ഛേദം 223 പ്രകാരം ഉത്തവിടാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. മറ്റുള്ളവരുടെ ചെലവില്‍ ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടാനാവില്ല. നിയമത്തിനപ്പുറത്തുള്ള ദാനധര്‍മം അനീതിയാണ്. വാടക പരസ്പരം പറഞ്ഞുറപ്പിച്ച കരാര്‍ പ്രകാരം നല്‍കുന്നതാണ്. അതില്‍ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.