' സോളാര്‍ തേപ്പ്' വണ്ടിയുമായി ചെന്നൈയിലെ വിദ്യാര്‍ഥിനി; ആശയത്തിന് അന്താരാഷ്ട്ര അംഗീകാരം
സോളാര്‍ പാനലിന്റെ സഹായത്തോടെയാണ് വിനിഷയുടെ സ്റ്റീം അയണ്‍ ബോക്‌സ് പ്രവര്‍ത്തിക്കുക. അഞ്ച് മണിക്കൂറാണ് ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം.
ചെന്നൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ' സോളാര്‍ തേപ്പ്' വണ്ടിക്ക് അന്താരാഷ്ട്ര അംഗീകാരം. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനിയായ വിനിഷ ഉമാശങ്കര്‍ ആണ് സൗരോര്‍ജ്ജം ഉപയോഗിച്ച് ഇസ്തിരിയിടുന്ന നൂതന ആശയം ആവിഷ്‌കരിച്ച് സ്വീഡന്‍ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ പുരസ്‌കാരം സ്വന്തമാക്കിയത്. സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 'തേപ്പ് വണ്ടി'യാണ് വിനിഷ ഡിസൈന്‍ ചെയ്തത്.
സോളാര്‍ പാനലിന്റെ സഹായത്തോടെയാണ് വിനിഷയുടെ സ്റ്റീം അയണ്‍ ബോക്‌സ് പ്രവര്‍ത്തിക്കുക. അഞ്ച് മണിക്കൂറാണ് ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം. ഈ ചാര്‍ജ് ഉപയോഗിച്ച് ആറ് മണിക്കൂറോളം വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ കഴിയും. ഇനി സൂര്യപ്രകാശം ലഭ്യമല്ലെങ്കില്‍ ബാറ്ററി, വൈദ്യുതി അല്ലെങ്കില്‍ ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയും ഇത് പ്രവര്‍ത്തിപ്പിക്കാം. വണ്ടിയുമായി സഞ്ചരിച്ച് ഇസ്തിരിയിട്ടു കൊടുക്കുന്നവര്‍ കരിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.കരിയുടെ ഉപയോഗം ഒഴിവാക്കുന്നതിനാണ് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീം അയണ്‍ ബോക്‌സിന് വിനിഷ രൂപം നല്‍കിയത്.
നാണയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍, യുഎസ്ബി-മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവ കൂടി ഈ വണ്ടിയില്‍ സ്ഥാപിച്ച് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസിന്റെ ഭാഗമായ പുരസ്‌കാരം വിനിഷയെ തേടിയെത്തിയത്. തുടര്‍ന്ന് തിരുവണ്ണാമലെ കലക്ടറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. 2021 ലെ രാഷ്ട്രീയ ബാല്‍ശക്തി പുരസ്‌കാര പട്ടികയിലും വിനിഷ ഇടം നേടിയിട്ടുണ്ട്. 2019 ല്‍ സോളാര്‍ ഇസ്തിരി വണ്ടിയെക്കുറിച്ച് ടെക്‌നിക്കല്‍ പേപ്പര്‍ സമര്‍പ്പിച്ചതിന് ഡോ.എപിജെ അബ്ദുള്‍ കലാം ഇഗ്‌നൈറ്റ് അവാര്‍ഡ് വിനിഷയ്ക്ക് ലഭിച്ചിരുന്നു.