കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. സുധാകരന്‍ അങ്ങനെ പറയുന്നയാളല്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് അധിക്ഷേപിച്ചത് ശരിയല്ലെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത്. അതാണ് ഇപ്പോള്‍ അദ്ദേഹം തന്നെ തിരുത്തിയത്.
നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ പൊതുവായി പറഞ്ഞതാണെന്നും ശരിയായ വിവരങ്ങള്‍ ഇപ്പോഴേ കിട്ടിയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. സുധാകരന്റെ പരാമര്‍ശത്തിനെതിരേ ഷാനിമോള്‍ ഉസ്മാന്‍ രംഗത്തുവന്നിരുന്നു. സുധാകരന്‍ മാപ്പുപറയണമെന്നാണ് ഷാനിമോളുടെ ആവശ്യം.
എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിന് പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് വിമര്‍ശനങ്ങളെന്നുമാണ് സുധാകരന്റെ വാദം. താന്‍ പറഞ്ഞത് ജാതി അധിക്ഷേപമല്ലെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.