ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി ചെന്നിത്തല
പത്രസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ലെന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പരിഹസിക്കാന്‍ ശ്രമിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ലെന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പരിഹസിക്കാന്‍ ശ്രമിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുള്ള പീഡനവും പാടില്ലെന്നാണ് ഉദ്ദേശിച്ചത്. ഭരതന്നൂര്‍ പീഡനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് ചെന്നിത്തല സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
ചെന്നിത്തലയുടെ വിശദീകരണം
ഞാന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് ഞാന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ മാത്രമല്ല, എന്‍ജിഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്.
എന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനം പാടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സിപിഎം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതേപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇതും. കൊവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.