ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും
ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചത് അദ്ദേഹത്തിന്റെ സംഘ്പരിവാര ആഭിമുഖ്യം പുറത്തുകൊണ്ടുവന്നു
ന്യൂഡല്‍ഹി: നീതിപീഠത്തിന്റെ നിഷ്പക്ഷതയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ ഒട്ടേറെ വിധികള്‍ പുറപ്പെടുവിച്ച സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് അധികാരസ്ഥാനത്ത് നിന്നും വിരമിക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി നിയമം തുടങ്ങിയ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഇടപെടാതിരുന്നതിലൂടെ ഭരണകൂട ചായ്‌വ് വളരെ വ്യക്തമായി പ്രകടമാക്കിയ ന്യായാധിപനാണ് ബോബ്‌ഡെ. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്തതും അദ്ദേഹമായിരുന്നു.
രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിലുള്ള ആഢംബര ബൈക്കില്‍ ബോബ്‌ഡെ ഇരിക്കുന്ന ചിത്രം വന്‍ വിവാദമായിരുന്നു. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പിന് കാരണമായി. അങ്ങനെ ചോദിച്ചിട്ടില്ലെന്നും, പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ബോബ്‌ഡെയ്ക്ക് പിന്നീട് വ്യക്തത വരുത്തേണ്ടി വന്നു. ഗോവയിലെ ഏകീകൃത സിവില്‍ കോഡ് സംവിധാനത്തെ പ്രകീര്‍ത്തിച്ചത് അദ്ദേഹത്തിന്റെ സംഘ്പരിവാര ആഭിമുഖ്യം പുറത്തുകൊണ്ടുവന്നു. അയോധ്യാകേസിലെ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് എസ്.എ. ബോബ്‌ഡെയ്ക്ക് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കുന്നത്.