കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നീക്കിവച്ചുവെന്ന് അവകാശപ്പെട്ടത് ദുരന്തപ്രതികരണ നിധിയിലേക്കുള്ള സംസ്ഥാന വിഹിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അധിക തുക അനുവദിച്ചുവെന്ന അവകാശവാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. യഥാര്‍ത്ഥത്തില്‍ ഇതില്‍ പുതിയതൊന്നുമില്ലെന്നും ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമായി അനുവദിക്കുന്ന തുകയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കേണ്ട തുകയാണ് ഇത്. കേരളത്തിന് 314 കോടി രൂപയാണ് 15ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര വിഹിതമായി നിശ്ചയിച്ചത്. ഇപ്പോള്‍ കിട്ടിയത് അതിന്റെ പകുതിയായ 157 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം ഗ്രാന്റുകള്‍ അനുവദിക്കണമെന്നും ഇത് 15ാം ധനകാര്യ കമ്മീഷന്റെ രണ്ടാമത്തെ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിരുന്നു. പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കൊവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിര്‍വഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കി. ഇങ്ങനെ ആകെ 32 കോടി രൂപ നല്‍കി. മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ കഴിയൂ. 10 ശതമാനം ഉപകരണങ്ങള്‍ വാങ്ങുന്നതിനായും ഉപയോഗിക്കാം. കേരളം ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധനകാര്യ ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ അവരുടെ വായ്പാപരിധി 5.5 ശതമാനമായി ഈയിടെ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 3 ശതമാനമായി തുടരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല''- വായ്പാപരിധി ഉയര്‍ത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.