ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍: ബസ് സ്റ്റാന്റുകളില്‍ കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്റുകളില്‍ നാട്ടിലേക്ക് തിരികെപ്പോകാനുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട തോതിലല്ലെങ്കിലും അതിനു സമാനമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏതെങ്കിലും സാഹചര്യത്തില്‍ പൊതുവാഹനങ്ങള്‍ റദ്ദാക്കിയാല്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ നടന്നുപോകേണ്ടിവരുമെന്ന ഭീതിയിലാണ് തൊഴിലാളികള്‍.
കഴിഞ്ഞ വര്‍ഷം ഏകദേശം ഇതേ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നൂറു കണക്കിനു പേര്‍ക്കാണ് പൊതുവാഹനങ്ങള്‍ റദ്ദാക്കിയതോടെ നാട്ടിലേക്ക് കാല്‍നടയായി നടന്ന് പോകേണ്ടിവന്നത്.
രാജീവ് ഗാന്ധി ചൗക്ക്, സെക്ടര്‍ 12, സെക്ടര്‍ 34, ഖാന്‍ഡ്‌സ, സെക്ടര്‍ 37 ബസ് സ്‌റ്റേഷനുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനം കാത്തിരിക്കുന്നവരില്‍ കുട്ടികളും പ്രായമുള്ളവരും സ്ത്രീകളുമുണ്ട്.
സെക്ടര്‍ 12 ബസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശിലേക്ക് ഒരു ബസ് മാത്രമാണ് പുറപ്പെട്ടത്. മധ്യപ്രദേശിലേക്ക് നാല് ബസ്സുകളും സര്‍വീസ് നടത്തി.
പലരും നാട്ടിലേക്ക് പോകാന്‍ 3,000 മുതല്‍ 4,000 രൂപ വരെ ചെലവഴിച്ചിട്ടുണ്ട്.
നഗരത്തിലെ പല വഴികളിലും നാട്ടിലേക്ക് തിരികെപ്പോകാന്‍ ബസ് സ്‌റ്റേഷനിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഇതിനകം ഗുരുഗ്രാമിലെ 20 ശതമാനത്തോളം പേര്‍ തിരികെപ്പേയതായാണ് റിപോര്‍ട്ട്.
ലോക്ക് ഡൗണ്‍ ഭയത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഡല്‍ഹി വിട്ട് സ്വന്തം നാട്ടിലേക്ക തിരിച്ചുപോകേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ''കൈകൂപ്പി നിങ്ങളോട് ഞാന്‍ പറയുന്നു, നിങ്ങളാരും ഡല്‍ഹി വിടേണ്ടകാര്യമില്ല. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ചെറിയൊരു ലോക്ക് ഡൗണ്‍ മാത്രമാണ് ഇത്. ഈ സമയത്ത് നിങ്ങള്‍ ഡല്‍ഹി വിട്ടുപോകുന്നത് നിങ്ങള്‍ക്ക് നഷ്ടമാണ്. സര്‍ക്കാര്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ഞാനിവിടെയുണ്ട്. വിശ്വസിക്കൂ'' കെജ്രിവാള്‍ പറഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയുടെ ഉറപ്പ് തിരികെപ്പോകുന്നവര്‍ അത്ര കണക്കാക്കിയിട്ടില്ല.
കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫിസുകളും അവശ്യസേവനങ്ങളും മാത്രമായിരിക്കും ഇക്കാലയളവില്‍ അനുവദിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം. എല്ലാ സ്വകാര്യ ഓഫിസുകളുടെയും പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാവണമെന്നാണ് നിര്‍ദേശം.