കൊവിഡ്: കടുത്ത നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
കോളജുകള്‍, സിനിമാ തിയേറ്റര്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ തുടങ്ങിയവ അടച്ചിടാനും സാധ്യതയുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനകളുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകീട്ട് അഞ്ചിന് അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ആരോഗ്യ മേഖലയിലെ വിദഗ്ധരും പങ്കെടുക്കും.
കൊവിഡ് വ്യാപനം അതിതീവ്രവമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വ്യാപനം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷത്തിനു സമാനമായി വിവാഹം, മരണാനന്തര ചടങ്ങ് തുടങ്ങിയ പരിപാടികള്‍ക്ക് അടക്കം പങ്കെടുക്കേണ്ടുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും.
കോളജുകള്‍, സിനിമാ തിയേറ്റര്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ തുടങ്ങിയവ അടച്ചിടാനും സാധ്യതയുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനകളുണ്ട്. അതേസമയം, സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വരുന്ന മൂന്ന് ആഴ്ചകള്‍ അതിനിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടക്കം രോഗികളാല്‍ നിറഞ്ഞ അവസ്ഥയാണ്.
തിരുവനന്തപുരത്തും സമാന സാചര്യമാണുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയേക്കാള്‍ 192 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണിത്. ഒമിക്രോണ്‍ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രികളിലെത്തുമെന്നാണ് വിലയിരുത്തല്‍.