ലോക്ക് ഡൗണില്‍ തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലയച്ച കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

Update: 2022-08-24 05:47 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ തന്റെ തൊഴിലാളികളെ ബിഹാറിലെ സ്വദേശത്തേക്ക് വിമാനത്തില്‍ അയച്ച കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂണ്‍ കര്‍ഷകനായ പപ്പന്‍ സിങ് ഗെലോട്ടിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹി അലിപോരിലെ വീടിന് മുന്നിലെ ക്ഷേത്രത്തിലെ ഫാനില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2020 ല്‍ അപ്രതീക്ഷിതമായി കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഗ്രാമങ്ങളിലെത്താന്‍ പാടുപെടുന്ന സമയത്ത് തന്റെ തൊഴിലാളികളെ വീട്ടിലേക്ക് അയക്കാന്‍ വിമാന ടിക്കറ്റ് നല്‍കിയതിലൂടെ പപ്പന്‍ സിങ് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടപ്പോള്‍, പപ്പന്‍ സിങ് തന്റെ തൊഴിലാളികളെ വീണ്ടും വിമാനത്തിലാണ് തിരികെ ഡല്‍ഹിയിലെത്തിച്ചത്.

രോഗമാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലിസ് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഗെലോട്ടിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News