രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കൊവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈനീസ് നഗരം
ബെയ്ജിങ്: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈനീസ് നഗരം. ഒമ്പത് മില്യന്‍ ജനങ്ങള്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ വ്യാവസായിക കേന്ദ്രമായ ചൈനയിലെ ചാങ്ചുന്‍ നഗരത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രണ്ടുവര്‍ഷത്തിനിടയ്ക്ക് ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈയാഴ്ച രാജ്യത്തെ പലയിടത്തും ആയിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറില്‍ താഴെ പേര്‍ക്കാണ് അസുഖമുണ്ടായിരുന്നത്. ചാങ്ചുനില്‍ വര്‍ക്ക് അറ്റ് ഹോം ഏര്‍പ്പെടുത്തുകയും കൂട്ടപരിശോധന നടത്തുകയും ചെയ്യുകയാണ്. താമസക്കാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയില്ല.
ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനവും വ്യവസായ നഗരവുമായ ഇവിടുത്തെ വീടുകളില്‍നിന്ന് രണ്ടുദിവസത്തിലൊരിക്കല്‍ ഒരാള്‍ക്ക് നിത്യോപയോഗ വസ്തുക്കാള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. മൂന്ന് റൗണ്ട് മാസ് ടെസ്റ്റിന് വിധേയരാവണം. കൂടാതെ, നഗര അധികാരികള്‍ എല്ലാ അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങളും അടച്ചു. ഗതാഗത ബന്ധങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെള്ളിയാഴ്ച 1,369 പുതിയ കേസുകളാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 703 എണ്ണം ആഭ്യന്തരമായി പകരുന്ന ലക്ഷണമില്ലാത്ത അണുബാധകളാണ്. 397 രോഗലക്ഷണ കേസുകളാണ്. ഒമിക്രോണ്‍ വകഭേദമാണ് തീവ്രവ്യാപനത്തിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് റിപോര്‍ട്ട്.
പ്രത്യേക ലോക്ക് ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് ഒമിക്രോണ്‍ ബാധ തടയാനുള്ള ശ്രമത്തിലാണ് ഷാങ്ഹായിലെയും മറ്റു പ്രധാന നഗരങ്ങളിലെയും അധികൃതര്‍. ഒന്നോ അതിലധികമോ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏതെങ്കിലും കമ്മ്യൂണിറ്റിയിലോ നഗരത്തിലോ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വൈറസിനോടുള്ള ചൈനയുടെ 'സീറോ ടോളറന്‍സ്' സമീപനത്തിന് കീഴിലാണ് ഈ നടപടികള്‍. ഷാങ്ഹായിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ബെയ്ജിങിലെ പലയിടത്തും പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണുണ്ട്. 2019ല്‍ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ബോര്‍ഡറുകള്‍ അടച്ചും കൂട്ടപരിശോധന നടത്തിയും ലോക്ക് ഡൗണ്‍ കൊണ്ടുവന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു. ഷാങ്ഹായില്‍ ലോക്ഡൗണുള്ള പ്രദേശത്ത് ബാരിക്കേഡിന് മുകളിലൂടെ സാധനങ്ങള്‍ കൈമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ദീര്‍ഘകാല ലോക്ക് ഡൗണുകള്‍ സാമ്പത്തികരംഗത്തെ ബാധിക്കുമെന്ന് ചൈനയുടെ കേന്ദ്ര എക്കണോമിക് പ്ലാനിങ് ഏജന്‍സി ഈയടുത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതര രാജ്യങ്ങളെ പോലെ കൊവിഡിനൊത്ത് ജീവിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞാഴ്ച ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. 2020ല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ചൈന.