അഭിപ്രായ സ്വാതന്ത്ര്യം വിലക്കി മുഖ്യമന്ത്രി ഫാഷിസം നടപ്പിലാക്കുന്നു: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മുഖ്യമന്ത്രിക്കെതിരേ പോലും സംഘപരിവാര്‍ ഉയര്‍ത്തുന്ന കൊലവിളികള്‍ ഗൗരവമായി കാണാന്‍ പോലിസിന് കഴിയാതെ പോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും നീതിനിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനും സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരേ മൗനം പാലിക്കാനും നോക്കിയിരിക്കാനും ജനാധിപത്യബോധമുള്ള പൗരസമൂഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-01-09 04:28 GMT

മലപ്പുറം: അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തെ ഏകപക്ഷീയമായി പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ആര്‍എസ്എസ് പ്രീണനവും രാജ്യത്തെ അപകടപ്പെടുത്തുന്നതാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍മജീദ് ഖാസിമി. ആര്‍എസ്എസ്സിന്റെ കലാപാഹ്വാനത്തെ ഇന്റലിജന്‍സ് റിപോര്‍ട്ട് മുന്നില്‍ വച്ച് വിമര്‍ശിക്കുകയും പോലിസിന്റെ നിസ്സംഗത ചൂണ്ടിക്കാട്ടുകയും ചെയ്ത ഉസ്മാന്‍ ഹമീദ് എന്ന നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്തു ജയിലടച്ചതും വഖ്ഫ് വിഷയത്തില്‍ സംസാരിച്ചതിന്റെ പേരില്‍ പ്രോട്ടോകോള്‍ ലംഘനത്തിന്റെ മറപിടിച്ച് പണ്ഡിതനായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തതും കടുത്ത അന്യായമാണ്.

സംഘപരിവാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തിലുടനീളം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആര്‍എസ്എസ്സിന്റെ ഭീകരത പൊതുജന മധ്യത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതും ഭരണകൂട വിവേചനം തുറന്നു കാട്ടുന്നതും തടയിടാന്‍ കേരള പോലിസ് കാട്ടുന്ന വ്യഗ്രത അത്യന്തം അപകടകരമാണ്. എന്നാല്‍ ആര്‍എസ്എസ് നേതാക്കളും, പ്രവര്‍ത്തകരും തെരുവിലും സാമൂഹിക മാധ്യമങ്ങളിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ കൊലവിളികള്‍ സൗകര്യപൂര്‍വ്വം പോലിസ് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. ഈ സമീപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകരെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പോലിസ് നിഷ്‌ക്രിയത്വം തുടരുന്നത് ഉത്തരേന്ത്യന്‍ മോഡല്‍ ആവര്‍ത്തിക്കാന്‍ പ്രേരണയാകും. മുഖ്യമന്ത്രിക്കെതിരേ പോലും സംഘപരിവാര്‍ ഉയര്‍ത്തുന്ന കൊലവിളികള്‍ ഗൗരവമായി കാണാന്‍ പോലിസിന് കഴിയാതെ പോകുന്നത് പ്രതിഷേധാര്‍ഹമാണെന്നും നീതിനിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനും സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരേ മൗനം പാലിക്കാനും നോക്കിയിരിക്കാനും ജനാധിപത്യബോധമുള്ള പൗരസമൂഹത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപില്‍ കൊവിഡിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും നിരോധനാജ്ഞ ഉള്‍പ്പടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി അത്യന്തം അപലപനീയമാണ്. കൊവിഡ് നിയന്ത്രണ വിധേയമായ ദ്വീപില്‍ കൊവിഡ് കേസുകള്‍ വെറും നാലെണ്ണം മാത്രമാണ്. ടിപിആര്‍ നിരക്ക് പൂജ്യവും ഒമിക്രോണ്‍ കേസുകള്‍ ഒരെണ്ണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ ഇല്ലാത്ത ഭീതി പടര്‍ത്തിയാണ് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും നിരോധനാജ്ഞ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ബിജെപി സര്‍ക്കാര്‍ നിയമിച്ച പ്രഫുല്‍ ഖോഡാ പട്ടേല്‍ അധികാരമേറ്റത് മുതല്‍ മുസ്‌ലിം വിരുദ്ധ സമീപനങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെടുന്ന നടപടി അനുവദിക്കാനാവില്ല. അവ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും കെ കെ അബ്ദുല്‍മജീദ് ഖാസിമി പറഞ്ഞു.

Tags:    

Similar News