സ്വര്‍ണക്കടത്തും സിബിഐയും: യോഗാദിനത്തില്‍ വിവാദ ദല്ലാള്‍ ശ്രീ എമ്മുമായുള്ള മുഖ്യമന്ത്രിയുടെ വേദിപങ്കിടല്‍ വിവാദത്തില്‍
മുഖ്യമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ഏജന്റ് ശ്രി എമ്മുമായി മുഖ്യമന്ത്രി വേദി പങ്കിടുന്നത് വിവാദമായിരിക്കുകയാണ്
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ സന്ദേശം നല്‍കുന്നത് ആര്‍എസ്എസ്-സിപിഎം ഡീലിലെ വിവാദ ദല്ലാള്‍ ശ്രീ എം. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗദിന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. കേരള സര്‍വകലാശാലയുടേയും യോഗ അസോസിയേഷന്‍ ഓഫ് കേരളയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ഏജന്റായ ശ്രീ എമ്മുമായുള്ള മുഖ്യമന്ത്രിയുടെ വേദിപങ്കിടല്‍ വിവാദമായിരിക്കുകയാണ്. ഇന്ന് വൈകീട്ട് 4.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് ശ്രി എം സന്ദേശം നല്‍കുന്നത്.
കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘപരിവാര്‍ ഏജന്റ് ശ്രി എം ഇടനിലക്കാരനാവുന്നത്. ആര്‍എസ്എസിന് അടിറവ് വെയ്ക്കുന്ന ആ ഡിലീന് ഇടതു നേതാക്കള്‍ക്കൊപ്പം ചൂക്കാന്‍ പിടിച്ചത് ശ്രി എമ്മായിരുന്നു.
ആര്‍എസ്എസ് സര്‍സംഘ് ചാലക് ആയ മോഹന്‍ ഭഗവതുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശ്രീ എമ്മുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പം സംശയം ജനിപ്പിക്കുന്നതാണ്. മതേതരനായ സന്ന്യാസിവര്യന്‍ എന്നാണ് അന്ന് മുഖ്യമന്ത്രി സംഘപരിവാര്‍ സഹയാത്രികനായ എമ്മിനെ വിശേഷിപ്പിച്ചത്.
തിരുവനന്തപുരം താജ് ഹോട്ടലിലെ വിവാദ ഡീലിന് പ്രത്യുപകരമായാണ് ആക്കുളത്ത് അഞ്ച് ഏക്കര്‍ ഭൂമി ശ്രി എമ്മിന് നിസാര പാട്ടത്തുകയ്ക്ക് നല്‍കിയതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ഇപ്പോള്‍, മുഖ്യമന്ത്രിയ്ക്ക് നേരെ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശ്രീ എമ്മിനെ വീണ്ടും കൂടെക്കൂട്ടുന്നത് സംശയത്തോടെയേ വീക്ഷിക്കാനാകൂ. സിപിഎം-ആര്‍എസ്എസ് ഡീലുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത് ശ്രി എം ആണെന്ന് ഏതാണ്ട് വ്യക്തമായിരിക്കേ, ഡോളര്‍-സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവമായിരിക്കുന്ന ഘട്ടത്തില്‍ വിവാദ ദല്ലാളുമായുള്ള വേദി പങ്കിടല്‍ അത്ര നിഷ്‌കളങ്കമല്ലെന്ന് വേണം കരുതാന്‍. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരേ നിരന്തരം ആരോപണമുന്നയിക്കുന്ന സ്വപ്‌ന സുരേഷ് സംഘപരിവാര്‍ നിയന്ത്രിക്കുന്ന എച്ച്ആര്‍ഡിഎസിലാണ് ജോലി ചെയ്യുന്നത്. കെ സുരേന്ദ്രന്‍ പ്രതിയായ കൊടകര കള്ളപ്പണക്കവര്‍ച്ച കേസും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ആദ്യഘട്ടവും അപ്രസക്തമാവുന്ന രൂപത്തില്‍ അവസാനിച്ചിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും വീണ്ടും വെട്ടിലാക്കി സ്വപ്‌ന സുരേഷ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഈ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സംഘപരിവാര്‍ കേന്ദ്ര നേതൃത്വത്തിന്റെ അടുപ്പക്കാരന്‍ ശ്രി എമ്മുമായി വേദി പങ്കിടുന്നത്.
ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കേരള സര്‍വകശാല സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംഘപരിവാര്‍ അനുകൂലിക്ക് വേദി നല്‍കുന്നത് കൃത്യമായ രാഷ്ട്രീയ ഇടപെടലിലൂടെ മാത്രമാകാനാണ് സാധ്യത.