അന്താരാഷ്ട്ര യോഗദിനപരിപാടി നാളെ ഫോര്‍ട്ട് കൊച്ചിയില്‍: ഉദ്ഘാടനം കേന്ദ്രമന്ത്രി ജനറല്‍ (ഡോ) വി.കെ സിങ്
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റി സംഘടിപ്പിക്കുന്ന യോഗ ദിനാഘോഷ പരിപാടികള്‍ ചൊവ്വാഴ്ച(ജൂണ്‍ 21) രാവിലെ 5.30 മുതല്‍ ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 6ന് കേന്ദ്ര ഗതാഗത, ദേശീയപാത, വ്യോമയാന വകുപ്പ് മന്ത്രി ജനറല്‍ (ഡോ). വി കെ സിങ് ഉദ്ഘാടനം നിര്‍വഹിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 75 നഗരങ്ങളിലാണ് യോഗാദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് വേദികള്‍. ദിനാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 6.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും.
യോഗ മാനവസമൂഹത്തിന് (Yoga for Humantiy) എന്നതാണ് ഈ വര്‍ഷത്തെ യോഗദിനത്തിന്റെ സന്ദേശം. കൊവിഡ് കാലത്ത് മനുഷ്യര്‍ നേരിട്ട ആരോഗ്യവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് യോഗ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്. കൊവിഡാനന്തര കാലത്തെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളെ സഹാനുഭൂതിയിലൂടെയും അനുകമ്പയോടെയും ചേര്‍ത്തുനിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കണമെന്ന സന്ദേശവും ആ ആശയം പങ്കുവയ്ക്കുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന യോഗപ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.