കുട്ടികളുടെ അവസ്ഥ ഹൃദയഭേദകം; കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായിപ്പോയ കുട്ടികളുടെ അവസ്ഥ പരിതാപകരവും ഹൃദയഭേദകവുമാണെന്ന് സുപ്രിംകോടതി. കുട്ടികളുടെ നില മെച്ചപ്പെടുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സുപ്രിംകോടതി തൃപ്തി പ്രകടിപ്പിച്ചു.
കൊവിഡ് രോഗം ബാധിച്ച് മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരോ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു.
''കുട്ടികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാരുകളും സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ആശ്വാസ പദ്ധതികള്‍ നടപ്പാക്കിയതിനെ അഭിനന്ദിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. ആശ്രയം നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ അധികാരികള്‍ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുമെന്ന് ഉറപ്പുണ്ട്''- ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും അനിരുദ്ധബോസും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
ബാലസദനങ്ങളില്‍ കൊവിഡ് വ്യാപിച്ച വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ഒരു ലക്ഷം കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരുമോ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ഏറ്റവും ഇളയപ്രായത്തിലാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ഹൃദയഭേദകമാണ്. ആയിരക്കണക്കിനു കുട്ടികളുടെ ജീവിതം പ്രശ്‌നത്തിലാണ്- കോടി പറഞ്ഞു.