
ചോറ്റാനിക്കര: ചോറ്റാനിക്കര പീഡനക്കേസിലെ പോക്‌സോ അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.മറ്റു പുരുഷന്‍മാരുമായി യുവതിക്കുള്ള ബന്ധമാണ് ആക്രമണ കാരണമെന്ന് പ്രതി അനൂപ് പറഞ്ഞത്. യുവതിയുടെ മുന്‍ സുഹൃത്താണ് പ്രതി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. പലപ്പോഴും പെണ്‍കുട്ടിയുമായി ഇയാള്‍ വഴക്കിട്ടിരുന്നു. അപ്പോഴെല്ലാം ഇയാള്‍ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതെന്നാണ് റിപോര്‍ട്ട്.
സംഭവം നടന്ന അന്ന് അതിക്രൂരമായാണ് അനൂപ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഇക്കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പ്രതിയുടെ മൊഴി. പക്ഷേ പ്രതി തന്നെ കെട്ടി തൂക്കിയതാണോ എന്നും സംശയമുണ്ടെന്ന് പോലിസ് പറയുന്നു. പെണ്‍കുട്ടി മരിച്ചെന്നു കരുതിയാണ് അനൂപ് സ്ഥലം വിട്ടതെന്ന് പോലിസ് പറയുന്നു. എന്നാല്‍ വീട്ടിനടുത്തുള്ളവരാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നേരത്തെ തന്നെ നിരവധി കേസുകളില്‍ പ്രതിയാണ് അനൂപ്. തലയോലപറമ്പില്‍ രണ്ടു കേസുകളും ലഹരിമരുന്നുള്‍പ്പെടെ കൈവശം വച്ചതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെ ഉണ്ട്. ഈ പെണ്‍കുട്ടിക്ക് അനൂപ് തുടര്‍ച്ചയായി ലഹരി മരുന്ന് നല്‍കിയിരുന്നു എന്നും പോലിസ് പറയുന്നു.