കള്ളം പറയുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ സാക്ഷ്യം പറഞ്ഞ് സുബ്രതയുടെയും രവി ഡേയുടെയും തടവ്ജീവിതം

അസമില്‍ ആയിരത്തോളം പേരാണ് തടങ്കല്‍ പാളയത്തിലുള്ളത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് മോദി വീണ്ടും വീണ്ടും കള്ളം പറയുന്നത്.

Update: 2019-12-24 03:30 GMT

വഹീദ് സമാന്‍

ഇന്ത്യയില്‍ ഒരിടത്തും തടങ്കല്‍പാളയങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം എത്ര ക്രൂരമാണെന്ന് ഓര്‍മിപ്പിക്കുകയാണ് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വഹീദ് സമാന്‍. പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നുണകളുടെ കൂമ്പാരവുമായി രംഗത്തെത്തിയത്. രേഖകളിലെ ചെറിയ ചില പിഴവുകളുടെ പേരില്‍ വര്‍ഷങ്ങളോളം പൗരത്വം നിഷേധിക്കപ്പെട്ട് തടങ്കല്‍പാളയങ്ങളില്‍ കഴിഞ്ഞ ചിലരുടെ അനുഭവം പുനരാഖ്യാനം ചെയ്യുന്നു അദ്ദേഹം.

തടങ്കല്‍പാളയങ്ങളില്‍ ജീവിതം നഷ്ടപ്പെട്ടവരിലൊരാളാണ് സുബ്രത. വോട്ടര്‍ കാര്‍ഡില്‍ തെറ്റായ പേര് രേഖപ്പെടുത്തിയതിന്റെ ഇരയായ സുബ്രത ജയിലിലാവുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്തു. മറ്റൊരു തടവുകാരനായ രവി ഡേയ്ക്കാകട്ടെ തടങ്കല്‍പാളയങ്ങളില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചെവി കേള്‍ക്കുമായിരുന്നില്ല. ആയിരത്തോളം പേര്‍ ഇപ്പോഴും അസമില്‍ തടങ്കല്‍പാളയങ്ങളില്‍ കഴിയുമ്പോഴും നുണ പറയുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്ത്യയില്‍ ഒരിടത്തും തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ അസമിലെ ഗാമിനി ഡേയുടെ മനസിലുണ്ടാക്കിയ വികാരം എന്തായിരിക്കുമെന്ന് ആലോചിക്കുകയായിരുന്നു. ഗാമിനിയുടെ ഭര്‍ത്താവ് സുബ്രത ഡേ ഗോള്‍പാരയിലെ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ അവസാനിച്ച തടങ്കല്‍ പാളയം ഇപ്പോഴും ആ പാവം പെണ്ണിന്റെ മനസിലുണ്ടാകില്ലേ. സുബ്രതയുടെയും ഗാമിനയുടെയും ഒന്‍പതുവയസുള്ള മകള്‍ ശ്വേത വിചാരിക്കുന്നത് അച്ഛന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ 26നാണ് സുബ്രത മരിച്ചത്. 2005ല്‍ ലഭിച്ച വോട്ടര്‍ ഐ.ഡി കൈവശമുണ്ടായിട്ടും 'ഡി' എന്ന അടയാളമായിരുന്നു(ഡൗട്ട്ഫുള്‍ വോട്ടര്‍) സുബ്രതക്ക് ലഭിച്ചത്. വോട്ടര്‍ കാര്‍ഡില്‍ സുബോധ് ഡേ എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയതിന്റെ ഇരയായിരുന്നു ആ മനുഷ്യന്‍. രേഖ ശരിയാക്കാന്‍ ഏഴുവര്‍ഷമാണ് ഇവര്‍ അഭിഭാഷകന് പിറകെ നടന്നത്. പെട്ടെന്നൊരു ദിവസം സുബ്രതോ അതിര്‍ത്തി പോലീസിന്റെ പിടിയിലായി.

സുബ്രതയുടെ മൃതദേഹം തടങ്കല്‍ പാളയത്തില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കാണാന്‍ ശ്വേത തയ്യാറായിരുന്നില്ല. അച്ഛനെ ഞാന്‍ തിങ്കളാഴ്ച കണ്ടിട്ടുണ്ട്. എന്റെ അച്ഛന്‍ മരിച്ചിട്ടില്ല. അച്ഛന്‍ വരുമെന്ന് ശ്വേത ഇടയ്ക്കിടെ പറയുന്നുവെന്ന് ഗാമിനി കണ്ണീരൊലിപ്പിക്കുന്നു. ഈ കണ്ണീരിനും പ്രതീക്ഷക്കും മധ്യേ ഒരു മനസാക്ഷിക്കുത്തുമില്ലാതെ എഴുന്നേറ്റുനിന്നാണ് ദല്‍ഹിയിലെ രാംലീല മൈതാനത്ത് നിന്ന് രാജ്യത്ത് ഒരിടത്തും തടങ്കല്‍ പാളയങ്ങളില്ലെന്ന് മോഡി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത്...

രവി ഡേയുടെ ജീവിതം പറയാം. നാലു വര്‍ഷമാണ് ഗോള്‍പാരയിലെ തടങ്കല്‍ പാളയത്തില്‍ രവി കഴിഞ്ഞത്. മൂന്നുവര്‍ഷത്തിലേറെ ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ കഴിഞ്ഞവരെ മോചിപ്പിക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു രവിയുടെ മോചനം. ഒരു ചെവിയുടെ കേള്‍വിശക്തി പോയതാണ് തടങ്കല്‍ പാളയ ജീവിതത്തില്‍ രവിക്ക് ലഭിച്ച സമ്മാനം. മറ്റേ ചെവിയുടെ കേള്‍വി കൂടി നഷ്ടമായിരുന്നെങ്കില്‍ രാജ്യത്ത് എവിടെയും തടങ്കല്‍ പാളയങ്ങളില്ലെന്ന പെരുംകള്ളം കേള്‍ക്കേണ്ടി വരുമായിരുന്നില്ലെന്ന് ചിന്തിക്കുന്നുണ്ടാകും രവി.

സാധാരണ തടവുകാരില്‍നിന്ന് വ്യത്യസ്തമായി തങ്ങളെ മറ്റൊരു ബ്ലോക്കിലായിരുന്നു താമസിപ്പിച്ചിരുന്നതെന്ന് രവി പറയുന്നു. രാവിലെ 5.15ന് തെറ്റിയ രേഖകളുടെ പേരില്‍ തടങ്കലിലായവരുടെ എണ്ണമെടുക്കും. പ്രഭാതഭക്ഷണമായി ഒരു റൊട്ടിയും ചായയും കിട്ടും. രാവിലെ പത്തുമണിക്ക് ഉച്ചഭക്ഷണം കൊടുക്കും. വൈകിട്ട് അഞ്ചുമണിക്ക് രാത്രി ഭക്ഷണവും. ഇതായിരുന്നു തടങ്കല്‍ പാളയത്തിലെ ജീവിതം. എല്ലാവരും കൂടി പിരിവിട്ട് ഒരു ടി.വി വാങ്ങിയിരുന്നു. അതില്‍ എന്തെങ്കിലും ഷോകള്‍ കാണും. രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന മോഡിയുടെ പ്രസംഗം അന്ന് ടി.വിയില്‍ വന്നിട്ടുണ്ടാകില്ല. ഉണ്ടെങ്കില്‍ ആ ടി.വിക്ക് ഇപ്പോള്‍ ജീവനുണ്ടാകുമായിരുന്നില്ല.

ഒരു ലക്ഷം രൂപയുടെ വീതം രണ്ടു പേര്‍ ജാമ്യം നിന്നാല്‍ തടവുകാരെ മോചിപ്പിക്കാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാല്‍ ആതബ് അലിക്കും സഹോദരന്‍ ഹബീബുറഹ്മാനും ഇനിയും മോചനം സാധ്യമായിട്ടില്ല. രണ്ടു പേര്‍ ജാമ്യം നില്‍ക്കാന്‍ തയ്യാറായെങ്കിലും ജയില്‍ അധികൃതര്‍ ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജാമ്യം നില്‍ക്കണമെന്നാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥായ ജാമ്യക്കാരനെ അവര്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ഒരിടത്തും തടങ്കല്‍ പാളയങ്ങളില്ലെന്ന മോഡിയുടെ പ്രസംഗം ഈ രണ്ടുപേരും കേട്ടിട്ടുണ്ടോ ആവോ.

അസമില്‍ ആയിരത്തോളം പേരാണ് ഇപ്പോള്‍ തടങ്കല്‍ പാളയത്തിലുള്ളത്. ഇതിനിടെയാണ് മുവായിരത്തോളം പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പ് അസമിലെ മാട്ടിയയില്‍ ഉയരുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരം അസാമാന്യ മികവോടെ മോഡി വീണ്ടും പെരുംകള്ളങ്ങളുയര്‍ത്തുന്നു..




Similar News