ന്യായീകരണങ്ങള്‍ പോലിസിനുള്ള ലൈസന്‍സാകും; പോലിസ് കുറ്റകൃത്യങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്

ആലപ്പുഴ കൈനകരിയില്‍ വാക്‌സിനേഷനെ ചൊല്ലി ഡോക്ടറെ മര്‍ദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും സിപിഎം ലോക്കല്‍ സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറാകാത്തതും ഇതേ പോലിസാണ്

Update: 2021-08-10 11:15 GMT

തിരുവനന്തപുരം: പോലിസിന്റെ കുറ്റകൃത്യങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഇത്തരം ന്യായീകരണങ്ങള്‍ പോലിസുകാര്‍ക്കുള്ള ലൈസന്‍സാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനേയും കുടുംബത്തിന് നേരെയും പോലിസ് കാട്ടിയ അതിക്രമത്തെ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അവിടെ പോലിസിന്റെ പ്രവൃത്തികളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വിഡി സതീശന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ഷോളയൂര്‍ ഊരിലെ മൂപ്പനെയും കുടുംബത്തെയും മര്‍ദ്ദിച്ച പോലിസ്, മൂപ്പന്റെ മകനെ കൊണ്ടുപോയത് ഒരു കൊലപാതകിയെ കൊണ്ടുപോകുന്നതുപോലെ വിലങ്ങണിയിച്ചാണ്. അതേസമയം, ആലപ്പുഴ കൈനകരിയില്‍ വാക്‌സിനേഷനെ ചൊല്ലി ഡോക്ടറെ മര്‍ദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും സിപിഎം ലോക്കല്‍ സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറാകാത്തതും ഇതേ പോലിസാണ്. കൊവിഡ് പ്രോട്ടോക്കോളിനെ ചൊല്ലി പിഴയീടാക്കുന്ന പോലിസ് നടപടിയെയും മുഖ്യമന്ത്രി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. തെറ്റുകണ്ടാല്‍ തെറ്റാണെന്ന് പറയാന്‍ കഴിയണം. പിതൃതര്‍പ്പണത്തിന് പോയവര്‍ക്ക് പിഴയീടാക്കുക, പള്ളിയില്‍ പോകുന്നവര്‍ക്ക് പെറ്റി നല്‍കുക തുടങ്ങിയ നടപടികളെ പിന്തുണച്ച് രംഗത്തെത്തുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News