യുപിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു; പോലിസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍

Update: 2021-11-17 17:17 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവ് അല്‍ത്താഫ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് വീണ്ടും പോലിസ് ക്രൂരതയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നു. മോഷണക്കുറ്റം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ച യുവാവാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശി ജിതേന്ദ്ര ശ്രീവാസ്തവയാണ് മരിച്ചത്. തിങ്കളാഴ്ച കാണ്‍പൂരിലെ പങ്കി പോലിസ് സ്‌റ്റേഷനില്‍നിന്ന് വീട്ടിലേക്ക് മടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് യുവാവ് മരണപ്പെടുന്നത്. അതേസമയം, യുവാവിന്റെ മരണത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

പോലിസ് കസ്റ്റഡിയില്‍ യുവാവ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിച്ചു. ശ്രീവാസ്തവയുടെ ശരീരത്തില്‍ നീലപ്പാടുകളുണ്ടായിരുന്നുവെന്നും ആന്തരിക മുറിവുകളുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കാണ്‍പൂരിലെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി വൈകി ശ്രീവാസ്തവ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് നവംബര്‍ 13ന് പോലിസ് ചോദ്യം ചെയ്യാനായി ശ്രീവാസ്തവയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് അയല്‍വാസിയായ വൈ എസ് ദീക്ഷിതാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപണമുന്നയിച്ചിട്ടും പോലിസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പകരം ശ്രീവാസ്തവയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ദീക്ഷിതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News