സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; അസമില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ദിസ്പൂര്‍: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായി. അസമിലെ കരിംഗഞ്ചിലാണ് സംഭവം. കരിംഗഞ്ച് ജില്ലയില്‍ താമസിക്കുന്ന റാഷിദ് അഹമ്മദ് (35), ദിലോവര്‍ ഹുസൈന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. പാതാര്‍കണ്ഡി മേഖലയിലുള്ള വ്യവസായി നല്‍കിയ പരാതിയിന്‍മേലാണ് നടപടി. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ ഈ വ്യവസായിയെ വിളിച്ചിരുന്നു.
രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം സിബിഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. പരാതിക്കാരനില്‍ നിന്ന് ലഭിച്ച ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഇവരില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ ഉദ്യോഗസ്ഥര്‍ തന്ത്രപരമായി കുടുക്കുകയുമായിരുന്നു. വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ സംഘത്തെക്കുറിച്ച് തങ്ങള്‍ക്ക് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവരെ പിടികൂടാന്‍ ശ്രമിക്കുകയാണെന്നും കരിംഗഞ്ച് ജില്ലയിലെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് പാര്‍ത്ഥ പ്രതിംദാസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) 419 (വ്യക്തിപരമായ വഞ്ചന), 387 എന്നിവ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രതാബരി പോലിസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസിന് മനസ്സിലായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.