യുവാവിനെ മര്‍ദ്ദിക്കാന്‍ സൈനികന്റെ ക്വട്ടേഷന്‍; കൊല്ലത്ത് ഏഴുപേര്‍ അറസ്റ്റില്‍

Update: 2022-01-25 15:50 GMT

കൊല്ലം: സുഹൃത്തുക്കളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കി സൈനികന്‍. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലാണ് സംഭവം. പത്തംഗസംഘത്തിനാണ് സൈനികന്‍ ഒരുലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. സൈനികന്റെ ആവശ്യപ്രകാരം പത്തംഗ സംഘം വളഞ്ഞിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സംഘം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലിസ് അറസ്റ്റുചെയ്തു. മറ്റ് പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിക്കടുത്ത് തൊടിയൂരിലാണ് അക്രമം അരങ്ങേറിയത്. തൊടിയൂര്‍ സ്വദേശി അമ്പാടിയെന്ന 27കാരനെയാണ് അക്രമി സംഘം വീട്ടില്‍ കയറി വളഞ്ഞിട്ട് തല്ലിയത്.

കരസേനാ ഉദ്യോഗസ്ഥനായ സന്ദീപിന്റെ നിര്‍ദേശമനുസരിച്ചാണ് അക്രമിസംഘം യുവാവിനെ മര്‍ദ്ദിച്ചത്. സന്ദീപിന്റെ വനിതാ സുഹൃത്തുക്കളോട് അമ്പാടി അപമര്യാദയായി പെരുമാറിയതിനുള്ള പ്രതികാരമായിട്ടായിരുന്നു മര്‍ദ്ദനം. പ്രതിഫലമായി ലഹരി മരുന്ന് നല്‍കിയാണ് സന്ദീപ് യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും പോലിസ് പറഞ്ഞു. ബ്ലാക്ക് വിഷ്ണു, അലി ഉമ്മര്‍, മണി, നബീല്‍, ഗോകുല്‍, ചന്തു, ഫൈസല്‍ ഖാന്‍ എന്നീ പ്രതികളാണ് അറസ്റ്റിലായത്. പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെല്ലാം. ചിലര്‍ മുമ്പും കേസുകളില്‍ പ്രതികളാണ്. സൈനികന്റെ നിര്‍ദേശപ്രകാരം അക്രമികള്‍തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സൈനികന്‍ വനിതാ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ജയ്പൂരില്‍ ജോലിചെയ്യുന്ന സൈനികന്‍ സന്ദീപിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി പോലിസ്.

Tags:    

Similar News