'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും'-മരം മുറിയില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സദുദ്ദേശത്തോടെയാണ് ഉത്തരവിറക്കിയത്. തെറ്റായ നടപടിക്കെതിരേ അതി കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

Update: 2021-06-14 13:44 GMT

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ പഴയ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'2017 മുതല്‍ തുടങ്ങിയ പ്രക്രിയയാണ് അത്. ഇടുക്കിയില്‍ നിന്നാണ് ഈ പ്രശ്‌നം ഉയര്‍ന്ന് വന്നത്. ആ കര്‍ഷകര്‍ക്ക് ആദ്യം പട്ടയം നല്‍കി. അവിടെ നട്ട് പിടിപ്പിച്ച മരങ്ങളും ആ ഭൂമിയില്‍ കിളിര്‍ത്ത് വന്ന മരങ്ങളും മുറിച്ച് വില്‍ക്കാന്‍ അനുവാദം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. രാജഗണത്തില്‍ വരുന്ന തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണം. ഇത് അനുസരിച്ചാണ് നിയമ ഭേദഗതിയും ഉത്തരവുമുണ്ടായത്. ഉത്തരവ് നടപ്പിലാക്കുന്ന ഘട്ടത്തില്‍ വീഴ്ചയുണ്ടായി. പരാതി ഉയര്‍ന്നതോടെ ഉത്തരവ് പിന്‍വിച്ചു.

കൃഷിക്കാരെ സഹായിക്കാനുള്ള ഉത്തരവിനെ ചിലര്‍ തെറ്റായി ഉപയോഗിച്ചു. കുറ്റക്കാര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ല. ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞപോലെ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. എന്നാല്‍ കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കും. സദുദ്ദേശത്തോടെയാണ് ഉത്തരവിറക്കിയത്. തെറ്റായ നടപടിക്കെതിരേ അതി കര്‍ക്കശമായ നിലപാട് സ്വീകരിക്കും'- മുഖ്യമന്ത്രി

Tags:    

Similar News