ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി സ്വയമര്‍പ്പിച്ച അതുല്യപ്രതിഭ; പ്രഫ. താണു പദ്മനാഭന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി

Update: 2021-09-17 09:48 GMT

തിരുവനന്തപുരം: പ്രഫ. താണു പദ്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രഫ. താണു പദ്മനാഭന്‍. ശാസ്ത്രമേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാനം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്‌കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്‌നഗര്‍ പുരസ്‌കാരമുള്‍പ്പെടെ അനവധി ബഹുമതികള്‍ നേടിയ താണു പദ്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.

ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി സ്വയമര്‍പ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് എക്കാലവും പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

മലയാളിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. പുണെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഇരുപതാം വയസില്‍ ആദ്യത്തെ ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചും താണു പത്മനാഭന്‍ ശ്രദ്ധേയനായിട്ടുണ്ട്. ശാസ്ത്ര മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനായ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags:    

Similar News