സിവില്‍ ഡിഫന്‍സില്‍ 6450 പേരെ പുതുതായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അഗ്‌നിരക്ഷാസേനയിലെ പുതിയ ഉദ്യോഗസ്ഥരുടെയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെയും സംസ്ഥാനതല പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2021-11-20 12:17 GMT

ആലപ്പുഴ: സംസ്ഥാനത്ത് സിവില്‍ ഡിഫന്‍സ് സംവിധാനത്തില്‍ മൂന്നാം ഘട്ടത്തില്‍ 6450 പേരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഗ്‌നിരക്ഷാസേനയിലെ പുതിയ ഉദ്യോഗസ്ഥരുടെയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെയും സംസ്ഥാനതല പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സേനയുടെ പുതിയ വാഹനങ്ങളുടെ ഫഌഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ അഗ്‌നിരക്ഷാ നിലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് അഗ്‌നിരക്ഷാ സേനയുടെ ജില്ലാ ഓഫിസിനു സമീപം നടന്നു. സേനയ്ക്ക് ലഭിച്ച 14 ഫൈബര്‍ ബോട്ടുകളുടെ ഫഌഗ് ഓഫ് എച്ച് സലാം എംഎല്‍എ നിര്‍വഹിച്ചു.

അപകട രക്ഷാപ്രതിരോധ സേവനങ്ങളെ ജനകീയമാക്കുന്നതിനാണ് അഗ്‌നിരക്ഷാ വകുപ്പിനു കീഴില്‍ സിവില്‍ ഡിഫന്‍സ് സംവിധാനം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 6200 പേരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ സംസ്ഥാനതല പരിശീലനം പൂര്‍ത്തിയാക്കിയ 2400 പേര്‍ സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ആകെ 1200 പേരാണ് രണ്ടാമത്തെ ബാച്ചിലുള്ളത്. ശേഷിക്കുന്നവരുടെ സംസ്ഥാനതല പരിശീലനം നടന്നുവരികയാണ്.

സിവില്‍ ഡിഫന്‍സില്‍ 30 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് അപകടമേഖലകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകരമായിട്ടുണ്ട്. ഈ സംവിധാനം പൂര്‍ണമായും സജ്ജമാകുന്നതോടെ സംസ്ഥാനത്ത് അപകടരക്ഷാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേറും.

പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അഗ്‌നിരക്ഷാ സേനയ്ക്ക് കഴിഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ മികവുറ്റതാക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവശേഷിയും സേവനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. ഇതു രണ്ടും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ ഹരിപ്പാട്, കായംകുളം, മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, തകഴി, ചെങ്ങന്നൂര്‍ എന്നീ അഗ്‌നിരക്ഷാ നിലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 54 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു.

ജില്ലാ ഫയര്‍ ഓഫിസര്‍ കെ ആആര്‍ അഭിലാഷ് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സതീദേവി, സ്‌റ്റേഷന്‍ ഓഫിസര്‍ പി ബി വേണുകുട്ടന്‍ എന്നിവര്‍ സന്നിഹിതരായി.

Tags:    

Similar News