മുന്നിലെ കോക്ക കോല കുപ്പി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തു മാറ്റി; കോലക്ക് നഷ്ടം 400 കോടി ഡോളര്‍
നിലപാടുകളിലൂടെ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റിയോ: ലോകപ്രശസ്ത ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തനിക്കു മുന്നിലുണ്ടായിരുന്ന രണ്ട് കുപ്പികള്‍ മാറ്റി പകരം വെള്ളത്തിന്റെ കുപ്പി കൈയ്യിലെടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ, പക്ഷേ ബഹുരാഷ്ട്ര ഭീമനായ കോക്ക കോലക്ക് അതിലൂടെയുണ്ടായ നഷ്ടം 400 കോടി ഡോളറാണ്. യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനമായിരുന്ന വേദി. തനിക്ക് മുന്നില്‍ വെച്ച രണ്ടു കുപ്പി കോക്ക കോല എടുത്തുമാറ്റി പകരം ഒരു കുപ്പി വെള്ളം കൈയിലെടുത്ത് ഉയര്‍ത്തി ക്രിസ്റ്റ്യാനോ പറഞ്ഞു ' കോല വേണ്ട, വെള്ളം മതി.' വാര്‍ത്താ സമ്മേളനത്തിനെക്കാളും ലോകശ്രദ്ധ ആകര്‍ഷിച്ചത് ക്രിസ്റ്റിയാനോയുടെ ഈ പ്രവൃത്തി ആയിരുന്നു.
ക്രിസ്റ്റ്യാനോയുടെ കോല വിരുദ്ധത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കോക്ക കോലയുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. ഒറ്റ ദിവസം കൊണ്ട് 400 കോടി ഡോളറിന്റെ ഇടിവുണ്ടായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോലയുടെ ഓഹരി വില 56.10 ഡോളറില്‍നിന്ന് 55.22 ആയി കുറയുകയും ചെയ്തു. വിപണി മൂല്യത്തിലും കുറവുണ്ടായി.
നിലപാടുകളിലൂടെ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫലസ്തീനിലെയും സിറിയയിലെയും ദുരിതബാധിതരായ കുട്ടികള്‍ക്ക് കോടിക്കണക്കിനു ഡോളറിന്റെ സഹായമാണ് ക്രിസ്റ്റിയാനോ നല്‍കിയിട്ടുള്ളത്. സ്വന്തം കുട്ടികള്‍ക്ക് കോലകളും ചോക്കളേറ്റും കൊടുക്കാതെ പകരം പഴങ്ങള്‍ കഴിക്കാന്‍ നല്‍കുന്നത് മുന്‍പ് വാര്‍ത്തയായിരുന്നു.