കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സുപ്രധാന നഗരവും ടയര്‍-2 പദവിയുമുള്ള കോയമ്പത്തൂരിനെ കോയംപുത്തൂരാക്കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ് അര്‍ത്ഥത്തോട് കുറച്ചുകൂടെ അടുത്തുനില്‍ക്കുന്നുവെന്ന നിലയിലാണ് കോമ്പത്തൂരിനെ കോയംപുത്തൂരാക്കി മാറ്റിയത്. തമിഴ് വാക്കിന്റെ കുറച്ചുകൂടെ സാഹിത്യപരമായ തര്‍ജ്ജമയാണ് ഇതെന്ന പ്രാദേശിക ചരിത്രകാരന്മാരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് പേര് മാറ്റം. കോയമ്പത്തൂരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
എന്നാല്‍ പേര് മാറ്റത്തോട് പൊതുവില്‍ സമ്മിശ്രപ്രതികരണമാണ് ഉള്ളത്. ഇപ്പോഴത്തെ കോയമ്പത്തൂരിനെ കോവൈ എന്നാണ് തമിഴില്‍ ചിലര്‍ ഉപയോഗിക്കുന്നത്. അത് മതിയെന്നാണ് സാമൂഹികപ്രവര്‍ത്തകരും ചില ചരിത്രകാരന്മാരും സാമൂഹികസംഘടനകളിലെ പ്രവര്‍ത്തകരും വാദിക്കുന്നത്. അത് ലളിതമാണെന്നും അവര്‍ പറയുന്നു.
''12ാം ശതകത്തിലെ പല ശാസനങ്ങളിലും 'കോവന്‍ പുതൂര്‍' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. 'കോവന്‍' എന്നാല്‍ 'നേതാവ്', 'പുതൂര്‍' 'സ്ഥലം'. കുനിയന്‍ പുതൂര്‍ എന്നതും ഇതുപോലെ ഉപയോഗിക്കുന്നു, കുനിയമുത്തൂര്‍''- പ്രാദേശിക ചരിത്രകാരന്‍ സി ആര്‍ ഇളങ്കോവന്‍ പറയുന്നു. കോയമ്പത്തൂരിനെ കോയംപുത്തൂരാക്കുന്നതിനോട് അതുകൊണ്ടുതന്നെ യോജിപ്പാണ് അദ്ദേഹത്തിന്.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇംഗ്ലീഷ് സ്പല്ലിങ് നാമെന്തിന് പിന്തുടരണമെന്നാണ് ചരിത്രകാരനായ പെരൂര്‍ കെ ജയരാമന്റെ ചോദ്യം. മറ്റൊരു പ്രദേശിക ചരിത്രകാരന്‍ രാജേഷ് ഗോവിന്ദരാജലുവിനും ഇതേ അഭിപ്രായമാണ്. ''ഇത്തരം മാറ്റങ്ങള്‍ രാജ്യമാസകലം ഉണ്ടായിട്ടുണ്ട്. കോവന്‍ പുതൂര്‍, കോവന്‍ പതി, കോനിയമ്മന്‍ പുതൂര്‍ ചില ഉദാഹരണങ്ങള്‍ ഇതാ. ചിലര്‍ക്ക് കോയമ്പത്തൂര്‍ എന്ന് ഉച്ചരിക്കാന്‍ കഴിയില്ല. അവര്‍ കോയമുത്തൂര്‍ എന്ന് ഉച്ചരിക്കാറുണ്ട്. കോയംപുത്തൂര്‍ എന്നെഴുതിയ മയില്‍കുറ്റികള്‍ പോലും കണ്ടിട്ടുണ്ട്'' അദ്ദേഹം പറയുന്നു.
അതേസമയം ചിലര്‍ പേരുമാറ്റത്തിനെതിരാണ്. പേര് മാറ്റുന്നതിനു മുമ്പ് പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കണമായിരുന്നുവെന്ന് അത്തരക്കാര്‍ പറയുന്നു. പേര് മാറ്റണമെങ്കില്‍ തന്നെ 'കോവൈ' എന്നാക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
കോയംപൂത്തൂരല്ല, കോവൈ എന്നൊരു ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. 4,000 പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പരാതി ചെയ്ഞ്ച്. ഓര്‍ഗില്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്കും മുനിസിപ്പില്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എസ് പി വേലുമാണിയ്ക്കുമാണ് പരാതി അയച്ചിട്ടുള്ളത്.
പുതിയ പേര് വലുതാണെന്നും ചെറുതും വായിക്കാന്‍ എളുപ്പമുള്ളതുമായ പേര് തിരഞ്ഞെടുക്കണമെന്നാണ് ആവശ്യം. ജില്ലാഭരണകൂടം കോയംപുത്തൂര്‍ എന്ന പേരാണ് ചൂണ്ടിക്കാട്ടിയത്.
ഇതോടൊപ്പം മറ്റുചില നഗരങ്ങളുടെ പേരും മാറുന്നുണ്ട്. നരസിംഹനായകന്‍ പാളയം നരസിമ്മ നായക്കന്‍ പാളയമായും ചിന്ന തന്‍ഡകം ചിന്ന തന്‍ഡാകമായും പെരിയനായ്ക്കന്‍ പാളയം പെരിയനായക്കന്‍ പാളയമായും മറ്റും. ചില ജില്ലകളടെ സ്‌പെല്ലിങ്ങിലും മാറ്റമുണ്ട്.