കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവം: ദുരൂഹതയുണ്ടെന്ന് കുടുംബം
പത്തനംതിട്ട: ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനി കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. അടൂര്‍ തൊടുവക്കാട് സ്വദേശി അഞ്ജന(21)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും കുടുംബം പരാതി നല്‍കി.
ജനുവരി 31-നാണ് തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ഥിനിയായ അഞ്ജനയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളിക കഴിച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കഴക്കൂട്ടം പോലീസ് പിന്നീട് അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഉദ്യോഗസ്ഥര്‍ സ്ഥലംമാറിപ്പോയെന്ന കാരണത്താല്‍ പോലിസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും അഞ്ജനയുടെ മാതാപിതാക്കള്‍ പറയുന്നു. മാത്രമല്ല, മകളെ ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഹോസ്റ്റലില്‍ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.