കമ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ: കൊടിയേരി
സിപിഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ കഴിയില്ലെന്നും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തിരുവനന്തപുരം : കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെയാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിവിട്ട സിപിഎം, സിപിഐ നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മാറിയതിനെകുറിച്ചുള്ള ചോദ്യത്തിനാണ് കോടിയേരി അവരെ കെട്ട മുട്ടയോട് ഉപമിച്ചത്.
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും, ഈ വഞ്ചകന്മാര്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ മോശമായി കഴിഞ്ഞാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും' കോടിയേരി പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പറയാന്‍ കേരളത്തിലെ ആര്‍ക്കാണ് സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി പോലും സഹകരിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് രഹസ്യമായി എടുത്ത തീരുമാനമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. സിപിഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ കഴിയില്ലെന്നും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആര്‍എസ്എസുമായി ചേര്‍ന്ന് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.