യുഡിഎഫ് വിടുന്നവരുമായി ചർച്ചയ്ക്കു തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണൻ
സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിലയിരുത്തിയുള്ള ലേഖനത്തിലാണ് കോടിയേരി മുന്നണി വിപുലീകരണ സൂചന നൽകുന്നത്.
തിരുവനന്തപുരം: യുഡിഎഫ് വിടുന്നവരുമായി ചർച്ചയ്ക്കു തയാറെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളാ കോൺഗ്രസിലെ ഭിന്നത ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. ഇടതു സർക്കാരിന് തുടർ ഭരണമുണ്ടാകുമെന്നും കോടിയേരി അവകാശപ്പെടുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിലയിരുത്തിയുള്ള ലേഖനത്തിലാണ് കോടിയേരി മുന്നണി വിപുലീകരണ സൂചന നൽകുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എൽഡിഎഫ് മുന്നോട്ടു പോകുമ്പോൾ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്.
എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാൻ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചർച്ചയ്ക്കു തയാറാണ്. ഇപ്പോൾ അപ്രകാരമൊരു ചർച്ചയുണ്ടായിട്ടില്ല. എങ്കിലും ഭാവിരാഷ്ട്രീയത്തിൽ യുഡിഎഫിൽ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുമെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.