പോക്‌സോ പരാമര്‍ശം: ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരേ കെ സുധാകരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Update: 2023-07-25 11:41 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതിയായ മോന്‍സണ് മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ സുധാകരന്‍ നേരിട്ടെത്തിയാണ് കേസ് നല്‍കിയത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കെതിരെയും സുധാകരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മോണ്‍സന്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ അവിടെ കെ സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. പിറ്റേന്നാണ് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം ആവര്‍ത്തിച്ചത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. മാത്രമല്ല, പരാമര്‍ശം വിവാദമായപ്പോഴും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയും സുധാകരനെതിരേ സമാനമായ പ്രസ്താവ നടത്തിയെന്നാണ് മാനനഷ്ടക്കേസില്‍ ആരോപിക്കുന്നത്. ക്രിമിനല്‍ മാനനഷ്ടക്കേസായതിനാലാണ് നേരിട്ട് ഹാജരായി പരാതി നല്‍കിയതെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News