മാളഃ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് റോഡ് പണി നടത്തുന്നതായി പരാതി. പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂര്‍ സബ്ബ് ഡിവിഷന്റെ കീഴിലുള്ള ചെട്ടിപറമ്പ്-വലിയപറമ്പ് റോഡില്‍ പൂപ്പത്തി ഏരിന്മേല്‍ ക്ഷേത്രത്തിന് മുന്‍വശമുള്ള റോഡില്‍ കലുങ്ക് പണിയുന്നതിനു വേണ്ടി കാല്‍നടയാത്രക്കാരേയും ഇരുചക്ര വാഹനക്കാരേയും തീര്‍ത്തും അവഗണിച്ച് റോഡ് അടച്ചതാണ് പരാതിക്കിടയാക്കിയത്. സാധാരണ പൊതുമരാമത്ത് വകുപ്പ് റോഡില്‍ പണി നടത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഗതാഗതത്തിന് ബദല്‍ സംവിധാനം ഒരുക്കാറുണ്ടായിരുന്നു.
വലിയപറമ്പ് ഭാഗത്ത് നിന്നും വരുന്നവര്‍ രണ്ടര കിലോമീറ്റര്‍ അധികം സഞ്ചരിച്ചു വേണം ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള കോളനിയിലേക്കും മറ്റും എത്തിച്ചേരുവാന്‍. കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടിയെങ്കില്‍ മാത്രമേ മറു ഭാഗത്ത് എത്തിച്ചേരുവാന്‍ കഴിയുകയുള്ളു.
കലുങ്ക് പണിയുന്നതിന് വേണ്ടി കമ്പി കെട്ടിയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. അന്വേഷണത്തില്‍ റോഡ് സഞ്ചാരയോഗ്യമാകുന്നതിന് ഒരു മാസത്തിലധികം വരുമെന്നാണ് അറിയുന്നത്.