സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍;വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കും
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചത്.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ കൊല്ലം ജില്ല മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ബാധകമായ സി കാറ്റഗറിയില്‍ ഉള്‍പ്പെടുക. എ കാറ്റഗറിയില്‍ മലപ്പുറം കോഴിക്കോട് ജില്ലകളും,കാസര്‍ക്കോട് ഒഴികെയുള്ള മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലുമാണ് ഉള്‍പ്പെടുന്നത്.