കോണ്‍ഗ്രസ് നേതാവ് കെ പി എസ് ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു

മലപ്പുറം: അഞ്ച് പതിറ്റാണ്ട് കാലത്തോളമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ സമുന്നത പദവികള്‍ അലങ്കരിച്ചിരുന്ന കെ പി എസ് ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസിസി പ്രസിഡണ്ട് വി എസ് ജോയിയുടെ വാര്‍ഡുകള്‍ തോറുമുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന് അയച്ചുകൊടുത്തിട്ടുണ്ട്. ജോയ് പ്രസിഡണ്ടായതുമുതല്‍ ചെറുകാവ് പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. ജോയിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഞ്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി എം ലിജു, രാഷ്ട്രീയ കാര്യസമതി അംഗം എ പി അനില്‍കുമാര്‍ ജില്ലാ ചുമതലയുള്ള കെപിസിസി സെക്രട്ടറി പി എ സലീം എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിരുന്നു. അവയിലൊന്നും നടപടിയുണ്ടായിട്ടില്ല. അതിനാലാണ് രാജിയെന്നും ആബിദ് തങ്ങള്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ ജീവിത കാലത്തുതന്നെ കെ.എസ്.യുവിലൂടെയാണ് തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ഥി സംഘടനയുടെ താലൂക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി, ദുബൈ പ്രിയദര്‍ശനി കലാ സാംസ്‌കാരിക സംഘം വൈസ് പ്രസിഡണ്ട് (പത്തുവര്‍ഷം), കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, തമിഴ്നാട്ടിലെ സംഘടനാ തെരെഞ്ഞെടുപ്പില്‍ നാഗപട്ടണം, മൈലാട് തുറ എന്നീ ജില്ലകളിലെ റിട്ടേര്‍ണിംഗ് ഓഫീസര്‍, ചെറുകാവ് പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍, പ്രവാസി കോണ്‍ഗ്രസ് സ്ഥാപക അംഗം, ചെറുകാവ് റൂറല്‍ ബാങ്ക് ചീഫ് പ്രമോട്ടര്‍, ഡയറക്ടര്‍, ജില്ലയിലെ സഹകരണ മേഖലയിലെ ലീഡ് സൊസൈറ്റിയായ കാംകോ വൈസ്. ചെയര്‍മാന്‍, ഇലക്ട്രിസ്റ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) വൈസ് പ്രസിഡണ്ട്, കെപിസിസി മുന്‍ മെമ്പര്‍, ഐഎന്‍ടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച കെപിഎസ് ആബിദ് തങ്ങള്‍ ജില്ലയിലെ ഐ വിഭാഗത്തിന്റെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു.