മുംബൈ: മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ക്ക് ബിജെപിയെ ഭയമാണെന്ന് വഞ്ചിത് ബഹുജന്‍ അഗാഡിയെ (വിബിഎ) അധ്യക്ഷനും ബി ആര്‍ അംബേദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്കര്‍. ഈ ഭയം കാരണമാണ് അവര്‍ വിബിഎയെ മഹാവികാസ് അഗാഡിയുടെ ഭാഗമാക്കാന്‍ വിസമ്മതിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ക്ക് ബിജെപിയെ ഭയമാണ്. ആദര്‍ശ് കുംഭകോണം അടക്കമുള്ള ചില അഴിമതി കേസുകളില്‍ ബിജെപി അവരെ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ഈ നേതാക്കള്‍ ബിജെപിക്ക് വഴങ്ങുന്നത് ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിലും സ്പീക്കര്‍ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. തങ്ങള്‍ മഹാവികാസ് അഗാഡിയുടെ ഭാഗമായാല്‍ ബിജെപിക്ക് അത് കനത്ത തിരിച്ചടിയാവും. ഇതൊക്കെ കാരണമാണ് തങ്ങളെ അവര്‍ സഖ്യത്തിന്റെ ഭാഗമാക്കാത്തത്.
വിബിഎ സഖ്യം ആലോചനയിലാണെന്ന കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ പ്രസ്താവനയുടെ അര്‍ഥം തങ്ങള്‍ തയ്യാറല്ലെന്നാണ്. സഖ്യത്തിന് തയ്യാറല്ലെങ്കില്‍ തദ്ദേശ, ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിബിഎ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടിയെ മഹാവികാസ് അഗാഡിയില്‍ പങ്കാളിയാക്കണമെന്ന് പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് ആലോചിക്കാമെന്ന് കോണ്‍ഗ്രസ്, എന്‍സിപി നേതൃത്വം മറുപടി നല്‍കിയത്.