കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പരസ്യപ്പെടുത്തണമെന്ന് ആനന്ദ് ശര്‍മ്മ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള തിരഞ്ഞെടപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍പട്ടിക ഇതുവരെയും തയ്യാറായിക്കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കു കീഴിലുള്ള ആര്‍ക്കൊക്കെയാണ് വോട്ട് രേഖപ്പെടുത്താനാവുകയെന്ന് ഇനിയും വ്യക്തമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വോട്ടര്‍പട്ടിക വിതരണം ചെയ്യണമെന്നും പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ആനന്ദ് ശര്‍മ.
വോട്ടര്‍പട്ടിക തീരുമാനിക്കുന്നതിനുള്ള ഒരു യോഗവും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കൊക്കെ വോട്ട് ചെയ്യാന്‍ കഴിയുമെന്ന് തീരുമാനിക്കാതിരിക്കുന്നത് വോട്ടെടുപ്പിന്റെ പരിശുദ്ധി കടഞ്ഞുകുളിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ സ്റ്റിയറിങ് കമ്മിറ്റി സ്ഥാനം ആനന്ദ് ശര്‍മ രാജിവച്ചത് കഴിഞ്ഞ ദിവസമാണ്. പലതവണ പുറത്താക്കിയ നടപടി തന്റെ ആത്മാഭിമാനത്തെ വല്ലാത മുറിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രത്യേകിച്ച് രാഹുല്‍ഗാന്ധിക്കുമെതിരേ നിലപാടെടുത്ത് രാജിവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കേന്ദ്ര നേതൃത്വം യോഗം ചേര്‍ന്നതെങ്കിലും ഇക്കാര്യം ചര്‍ച്ചാവിഷയമായില്ല. ഇക്കാര്യത്തെക്കുറിച്ചും ആനന്ദ് ശര്‍മ വിമര്‍ശനമുന്നയിച്ചു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഓണ്‍ലൈനായി ഓണ്‍ലൈനായാണ് ചേര്‍ന്നത്. സോണിയാഗാന്ധി ചികില്‍സയുടെ ഭാഗമായി വിദേശത്താണ് ഇപ്പോഴുളളത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തീരുമാനിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും വെര്‍ച്വല്‍ മോഡ് വഴി യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 നും വോട്ടെണ്ണല്‍ 19 നും നടത്താനും യോഗത്തില്‍ തീരുമാനമായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബര്‍ 22ന് പുറത്തിറങ്ങും. സെപ്തംബര്‍ 24നും 30നും ഇടയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഒക്ടോബറിലായിരിക്കും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8. ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കും.