കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അശോക് ഗലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചു
ജയ്പൂര്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലോട്ട് എംഎല്‍എമാരുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു യോഗം. താന്‍ ഒരിടത്തും പോകുന്നില്ലെന്ന് അദ്ദേഹം എംഎല്‍എമാരെ അറിയിച്ചതായാണ് വിവരം.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ക്ക് വിരുന്നു നല്‍കിയശേഷമായിരുന്നു യോഗം.
അശോക് ഗലോട്ട് പ്രസിഡന്റായി ഡല്‍ഹിയിലേക്ക് പോയാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായേക്കുമെന്ന ചര്‍ച്ച വ്യാപകമായ സാഹചര്യത്തിലാണ് യോഗത്തിന് മുന്‍കൈയെടുത്തത്.
ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള പോര് വളരെ കുപ്രസിദ്ധമാണ്. സച്ചിന്റെ ചില നീക്കങ്ങള്‍ ഗലോട്ട് സര്‍ക്കാര്‍ രാജിവയ്ക്കുന്നിടത്തേക്ക് എത്തിയതായിരുന്നു.
താന്‍ നിങ്ങളില്‍നിന്ന് വളരെ ദൂരെയായിരിക്കില്ലെന്ന് അദ്ദേഹം എംഎല്‍എമാര്‍ക്ക് ഉറപ്പുനല്‍കി. താന്‍ എവിടെയായാലും രാജസ്ഥാനെ സേവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ഒരു നീക്കത്തിനും ഗലോട്ട് തയ്യാറല്ലെന്നതാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
താന്‍ ഉടന്‍ സോണിയാഗാന്ധിയെ കാണുന്നുണ്ടെന്നും അതിനുശേഷം രാഹുലിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഗലോട്ട്, ഗാന്ധി കുടുംബത്തിന്റെ അടുത്ത ആളായാണ് കണക്കാക്കുന്നത്.