കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധിയും അശോക് ഗെലോട്ടും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മല്‍സരരംഗത്തുണ്ടാകുമെന്ന് പ്രതീക്ഷക്കപ്പെടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യാഴാഴ്ച കൊച്ചിയില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അശോക് ഗലോട്ടും ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം മാര്‍ച്ച് നടത്തി. ഉച്ചയോടെ കൊച്ചിയിലെത്തിയ ഗെലോട്ട് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സന്നിഹിതനായിരുന്നു.
പാര്‍ട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടിവരും. സച്ചിന്‍ പൈലറ്റിനാണ് അടുത്ത സാധ്യത. ഇത് ഇരുവര്‍ക്കുമിടയില്‍ വലിയ നീരസ്സത്തിനു കാരണമായിട്ടുണ്ട്.
നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കടുത്ത വിശ്വസ്തനായി കണക്കാക്കപ്പെടുന്ന അശോക് ഗെലോട്ട്, പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗെലോട്ട് ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മത്സരരംഗത്തേക്ക് വരാനുള്ള തന്റെ ആഗ്രഹം ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്, അതേസമയം മറ്റ് ചില പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്.
നാളെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി ഡല്‍ഹിയിലേക്ക് മടങ്ങും. സെപ്റ്റംബര്‍ 24ന് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ വീണ്ടും ചേരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ നടപടികള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 30ന് അവസാനിക്കും.