മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി ok: ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. തിടുക്കത്തിൽ എടുത്ത തീരുമാനമെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. ഉദ്യോഗസ്ഥന്റെ പേര് ശുപാർശ ചെയ്ത പാനലിന്റെ ഘടനയെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ സൂക്ഷ്മപരിശോധനയെ മറികടക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ആഗ്രഹിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു.
"ഇത് നമ്മുടെ ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്, സുപ്രിംകോടതി പല കേസുകളിലും ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ് - തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പവിത്രത ഉണ്ടാകണമെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായ നിലപാടെടുക്കുന്ന ആളായിരിക്കണം," കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.
ഉദ്യോഗസ്ഥനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബുധനാഴ്ച (ഫെബ്രുവരി 19) സുപ്രിംകോടതിയുടെ വാദം കേൾക്കുന്നത് വരെ സർക്കാർ കാത്തിരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ന് തിടുക്കത്തിൽ യോഗം ചേർന്ന് പുതിയ കമ്മീഷണറെ നിയമിക്കാനുള്ള അവരുടെ തീരുമാനം, സുപ്രിംകോടതിയുടെ സൂക്ഷ്മപരിശോധനയെ മറികടക്കാനും വ്യക്തമായ ഉത്തരവ് വരുന്നതിന് മുമ്പ് നിയമനം പൂർത്തിയാക്കാനുമുള്ള അവരുടെ അടവാണ് " അദ്ദേഹം പറഞ്ഞു. കെ സി വേണു ഗോപാലിൻ്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനം സുപ്രിം കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിനു ശേഷമാണ് എടുക്കേണ്ടതെന്ന് ആവർത്തിച്ചു.