കണ്ടെയ്ന്‍മെന്റ് സോണില്‍ കൊവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ 15, 16 തിയ്യതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും.

Update: 2021-08-13 14:01 GMT

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണില്‍ കൊവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരെയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും.

വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് നാളെ 15, 16 തിയ്യതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം.

വീടുകള്‍ക്കുള്ളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


Tags:    

Similar News