രജൗരി ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 163 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നടപ്പാക്കിയിരിക്കുന്നത്

Update: 2025-01-23 09:28 GMT
രജൗരി ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശ്രീനഗര്‍: അജ്ഞാതരോഗത്തെ തുടര്‍ന്ന് 17 പേര്‍ മരിച്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ കര്‍ശന നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തി അധികാരികള്‍. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 163 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നടപ്പാക്കിയിരിക്കുന്നത്.

ഗ്രാമത്തെ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്നില്‍ രോഗം ബാധിച്ച കുടുംബങ്ങളുടെ വീടുകളും സോണ്‍ രണ്ടില്‍ മരണപ്പെട്ടയാളുമായി അടുത്ത ബന്ധമുള്ളവരും ഉള്‍ക്കൊള്ളുന്നു. ഇവര്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധിത ആരോഗ്യ നിരീക്ഷണത്തിന് വിധേയരാകണമെന്നും നിര്‍ദേശമുണ്ട്. ബാക്കിയുള്ള എല്ലാ വീടുകളും സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്നു. അണുബാധ പടരുന്നത് തടയാന്‍ ഈ സോണുകള്‍ക്കുള്ളിലെ എല്ലാ പൊതു-സ്വകാര്യ സമ്മേളനങ്ങളും ഭരണകൂടം നിരോധിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ പോലിസ് ഉദ്യോഗസ്ഥര്‍ വിശദമായ ലോഗ്ബുക്കുകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കുള്ളിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ വിതരണവും നിരീക്ഷണവും നിയുക്ത ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും.

ഡിസംബര്‍ 7 നും ജനുവരി 19 നും ഇടയിലാണ് അജ്ഞാതരോഗത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചത്. പരിശോധനയില്‍ ആളുകളുടെ ശരീരത്തില്‍ ചില ന്യുറോടോക്‌സിനുകള്‍ കണ്ടെത്തിയതായി വിദഗ്ദര്‍ പറഞ്ഞിരുന്നു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൊവ്വാഴ്ച ഗ്രാമം സന്ദര്‍ശിച്ചു.

Tags:    

Similar News