പട്ടാള അട്ടിമറി; ഗിനിയയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു

Update: 2021-09-06 02:41 GMT

കൊണാക്രി: വിമത സൈനികര്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ രാജ്യത്ത് കര്‍ഫ്യൂ നിലനില്‍ക്കുമെന്നും വിമതര്‍ അറിയിച്ചതായി ഫ്രഞ്ച് മാധ്യമമായ ഔസ്റ്റ്ഫ്രാന്‍സ് റിപോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പകരം തങ്ങള്‍ സൈനികരെ നിയമിക്കുമെന്നാണ് വിമതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഗിനിയന്‍ കാബിനറ്റ് മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. നേരത്തെ ഗിനിയന്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടയെ കസ്റ്റഡിയിലെടുത്തതായും സര്‍ക്കാരിനെ പിരിച്ചുവിട്ടുവെന്നും വിമതര്‍ പറഞ്ഞിരുന്നു.

സര്‍ക്കാരിനെ പിരിച്ചുവിട്ടതായും ഭരണഘടന റദ്ദാക്കുകയും രാജ്യത്തിന്റെ കര, വ്യോമ അതിര്‍ത്തികള്‍ അടച്ചുവെന്ന് വിമത നേതാവ് മാമാഡി ഡൗംബൗയ പ്രതികരിച്ചു. പ്രസിഡന്റ് വിമതര്‍ക്കൊപ്പം സുരക്ഷിതസ്ഥാനത്ത് താമസിക്കുകയാണെന്നും ഡോക്ടര്‍ പരിശോധന നടത്തിയതായും ഡംബൗയ പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഞായറാഴ്ച ട്വിറ്ററിലൂടെ ഗിനിയയിലെ അട്ടിമറിയെ അപലപിക്കുകയും വിമതര്‍ രാജ്യത്തെ പ്രസിഡന്റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ പ്രസിഡന്റ് ആല്‍ഫ കോണ്ടെ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വിജയിച്ചരിന്നു.

ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് തുടര്‍ച്ചയായ മൂന്നാമത്തെ പ്രസിഡന്‍ഷ്യല്‍ പദവിയിലേക്ക് അദ്ദേഹമെത്തിയത്. ഹിതപരിശോധനയിലൂടെ ഭരണഘടന മാറ്റിയെങ്കിലും രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഗിനിയയിലെ വിമത സൈന്യത്തെ പിന്തുണയ്ക്കുന്നവര്‍ ഞായറാഴ്ച അട്ടിമറിക്ക് ശേഷം തലസ്ഥാനമായ കൊണാക്രിയില്‍ തെരുവിലിറങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തെരുവുകളില്‍ ആളുകള്‍ സൈന്യത്തെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News