ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ ഇനി എല്ലാ കണ്ണുകളും പരമോന്നത കോടതിയിലേക്ക്. നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹരജികളാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍ ഡല്‍ഹി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പോലിസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ കേന്ദ്രസേനയും പോലിസും ഇന്ന് ഫ്ലാഗ് മാര്‍ച്ച് നടത്തും. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കേന്ദ്രസേനയെയും പലിയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.