കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസ്; മാറ്റം വരുത്താനുള്ള നടപടികള്‍ തുടങ്ങി

Update: 2021-09-16 07:48 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ പിജി സിലബസില്‍ മാറ്റം വേണമെന്ന റിപോര്‍ട്ടില്‍ നടപടികള്‍ ആരംഭിച്ചു. സിലബസില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. തീവ്ര വര്‍ഗ്ഗീയ പാഠ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കാനും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ സിലബസില്‍ കൂട്ടിച്ചേര്‍ക്കാനുമാണ് സമിതി നിര്‍ദ്ദേശം


കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് നേതാവായ എംഎസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള പുസ്തകങ്ങള്‍ ചേര്‍ത്തിരുന്നു. ഇതടക്കം വിഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ തീവ്ര വര്‍ഗീയ പരാമര്‍ശങ്ങളുള്ള പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.


ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ല, ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ചിന്താധാരകള്‍ക്ക് പ്രാമുഖ്യം ലഭിച്ചില്ല, എന്ന് സമിതി കണ്ടെത്തി. സിലബസില്‍ ആകെ മാറ്റം കൊണ്ടുവരണമെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു.




Tags:    

Similar News