കൊറോണ ചതിച്ചു; ജോലിക്കായി സൗദിയിലെത്തിയ പെരുമ്പാവൂര്‍ സ്വദേശിക്ക് കണ്ണീരോടെ മടക്കം

Update: 2021-03-07 17:11 GMT

മദീന: കുടുംബ ജീവിതത്തിന്റെ പ്രാരാബ്ധം തീര്‍ക്കാനായി സൗദിയില്‍ ജോലി തേടിയെത്തിയ എറണാകുളം പെരുമ്പാവൂര്‍ സ്വദേശി കാസിം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലിയൊന്നും തരപ്പെടാതെ വെറും കയ്യോടെ നാട്ടിലേക്കു മടങ്ങി. ഒന്നര വര്‍ഷം മുമ്പാണ് സൗദിയിലുള്ള പരിചയക്കാരന്‍ മുഖേന ഫ്രീ വിസയൊപ്പിച്ചത്. എന്നാല്‍ മദീനക്കടുത്ത് ജോലി തേടിയെത്തിയ കാസിമിനെ വരവേറ്റത് കൊവിഡ് വ്യാപനത്തിന്റെ വാര്‍ത്തയും തൊഴില്‍രംഗത്തുള്ള മന്ദഗതിയുമായിരുന്നു.

സ്‌പോണ്‍സര്‍ മുഖേനയും സുഹൃത്തുക്കള്‍ മുഖേനയും ഒരു ജോലിക്കായി പല വാതിലുകളും മുട്ടിയെങ്കിലും ഒന്നും ശരിയാകാതെ കഴിയേണ്ടി വരികയും താമസരേഖ കാലാവധി തീര്‍ന്നതിനാല്‍ പുതുക്കാന്‍ കഴിയാതെ വരികയുമായിരുന്നു. ഒരു വര്‍ഷത്തിലധികമായി സുമനസ്സുകളുടെ സഹായത്തോടെ വിവിധയിടങ്ങളില്‍ കഴിഞ്ഞു.

വിഷയമറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മദീന ബ്ലോക്ക് പ്രസിഡണ്ട് കെ.പി. മുഹമ്മദ്, വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ റഷീദ് വരവൂര്‍, അസീസ് കുന്നുംപുറം എന്നിവര്‍ രേഖകള്‍ ശരിയാക്കുന്നതിനും വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്കയക്കാനുമുള്ള സംവിധാനങ്ങള്‍ ചെയ്തു. കാസിമിനുള്ള യാത്രരേഖകള്‍ നല്‍കി കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തില്‍ യാത്രയാക്കുകയും ചെയ്തു.

Tags:    

Similar News