കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു
ഈ മാസം 23 ന് ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവി (55) യെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പരപ്പനങ്ങാടി: ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു സംസ്‌കരിച്ചു. ഈ മാസം 23 ന് ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവി (55) യെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രമേയരോഗത്തിന് ചികില്‍സയിലുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ആദ്യം നാട്ടിലെത്തിക്കാന്‍ ചെന്നൈ സ്റ്റാലിന്‍ ആശുപത്രി അധികൃതര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുഖേന തയ്യാറായങ്കിലും കേരളത്തിലെ പ്രഗത്ഭ മലയാളി സംഘടന കൊറോണ മൂലമാണ് മരണമെന്ന് പോലിസിനെ അറിയിച്ചതോടെ കൊവിഡ് പരിശോധന റിസല്‍ട്ടില്ലാതെ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായില്ല.
പിന്നീട് 25ന് വൈകീട്ട് 5 മണിയോടെ പരിശോധന റിപോര്‍ട്ട് ലഭിച്ചു. എന്നാല്‍ ഇന്‍ക്വസ്റ്റടക്കമുള്ള നടപടികള്‍ക്ക് വിമുഖത പോലിസ് കാണിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നൈ ഹാര്‍ബര്‍ ബിവണ്‍ പോലിസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് നാട്ടിലെ ബന്ധുക്കളുടെ സമ്മതപത്രം വേണമെന്ന് പോലിസ് പറഞ്ഞു. പിന്നീട് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റും, മാധ്യമ പ്രവര്‍ത്തകനുമായ ഹമീദ് പരപ്പനങ്ങാടി മുഖേന ബന്ധുക്കളുടെ സമ്മതപത്രം എത്തിച്ച് നല്‍കിയെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ട് നല്‍കില്ലെന്നായി.
സമയം വൈകി എന്ന കാരണം പറഞ്ഞ് ഇന്ന് രാവിലെയോടെ എല്ലാ കടമ്പകള്‍ക്കും ശേഷം മൃതദേഹം വിട്ട് നല്‍കുകയും ചെന്നൈ സെന്‍ട്രല്‍ ജില്ല എസ്ഡിപിഐ പ്രസി.റഷീദിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ കര്‍മ്മങ്ങള്‍ക്കു ശേഷം മൃതദേഹം വണ്ണാറപെട്ടി ഖബര്‍സ്ഥാനില്‍ മതാചാരപ്രകാരം കബറടക്കിയതോടെയാണ് ദിവസങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ക്കും പോരാട്ടങ്ങള്‍ക്കും വിരാമമായത്. ഇദ്ദേഹം വര്‍ഷങ്ങളായി ചെന്നൈയില്‍ കട നടത്തി വരികയായിരുന്നു. രണ്ട് വര്‍ഷമായി നാട്ടില്‍ വന്ന് പോയിട്ട്. റിസല്‍ട്ട് നെഗറ്റിവായിട്ടും ചില കേന്ദ്രങ്ങള്‍ ഇപ്പോഴും വ്യാജ പ്രചരണം നടത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഭാര്യ: ഫാത്തിമ, മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷബീന്‍ സനാന്‍ ,റജാഫ്.